കോഴിക്കോട് : കോര്പ്പറേഷന് തൊഴില്‍ അവസരം കണ്ടെത്തുന്നതിനായി തയാക്കിയ വിലിഫ്റ്റ് പദ്ധതിയുടെ ഭാഗമായി നടത്തിയ തൊഴില്‍ മേള തൊഴില്‍ അന്വേഷകര്‍ക്ക് ആശ്വാസമായി. മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. കോര്പ്പറേഷന് സെക്രട്ടറി കെ.യു ബിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുടുംബശ്രീ സംസ്ഥാന മിഷന് നടപ്പാക്കുന്ന ഒപ്പം ക്യാമ്പയിനുമായി സഹകരിച്ചാണ് തൊഴില്‍മേള സംഘടിപ്പിച്ചത്.
കോഴിക്കോട് കോര്‍പ്പറേഷനിലെ എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരെയും തൊഴില്‍ സഭകളില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടായിരത്തി ഇരുന്നുറ് തൊഴിലന്വേഷകരെയും ഉള്‍പ്പെടുത്തിയാണ് തൊഴില്‍മേള സംഘടിപ്പിച്ചത്. തൊഴിലന്വേഷകര്‍ക്ക് നോളഡ്ജ് എക്കണോമിക് മിഷന് മുഖേന രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. പിഎംഎവൈ ഗുണഭോക്താക്കള്‍, ആശ്രയ കുടുംബങ്ങള്‍, അതിദരിദ്ര കുടുബാംഗങ്ങള്‍, കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് തൊഴില്‍ മേളയില്‍ മുന്‍ഗണന നല്കി.
ടാഗോര്‍ ഹാളില്‍ നടന്ന തൊഴില്‍ മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള മുപ്പതില്‍ പരം കമ്പനികള്‍ പങ്കെടുത്തു. 1629 തൊഴിലന്വേഷകര്‍ അഭിമുഖത്തില്‍ പങ്കെടുത്തു. എണ്ണൂറിലധികം ഒഴിവുകള്‍ വിവിധ കമ്പനികളിലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവിധ കമ്പനികള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ 367 ആളുകള്‍ക്ക് നിയമനം നല്‍കുകയും 674 ഉദ്യോഗാര്‍ത്ഥികളെ ജോലിക്കായുള്ള ചുരുക്കപ്പട്ടികയില്‍ ഉള്പ്പെട്ടുത്തുകയും ചെയ്തു.
സംരംഭങ്ങളുടെയും നൈപുണ്യ പരിശീലനങ്ങളുടെയും പരിശിലനം ലഭിച്ച അഭ്യസ്ഥവിദ്യരായ യുവതീയുവാക്കള്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് അയ്യായിരം ഗുണമേന്മയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വി- ലിഫ്റ്റ് പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ഈ ലക്ഷ്യം പൂര്‍ത്തീകരിച്ചു. സംരംഭക വര്‍ഷത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍ കൂടി സംയോജിപ്പിച്ച് കൊണ്ടാണ് ഈ ലക്ഷ്യംകൈവരിക്കാനായത്. സംരംഭക വര്‍ഷത്തില്‍ കോഴിക്കോട് കോര്പറേഷന് പരിധിയില്‍ 1752 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും 4661തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാധിച്ചിട്ടുണ്ട്.
സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.സി രാജന്, കൃഷ്ണകുമാരി, കൗണ്‍സിലര്‍മാരായ സദാശിവന് ഓതിയമംഗലത്ത്, കെ.സി ശോഭിത, കെ മൊയ്തീന് കോയ, എം.എസ് തുഷാര, സി ഡി എസ് ചെയര്‍പേഴ്സണ്‍മാരായ അംബിക എം, ശ്രീജ ഹരീഷ് ,വ്യവസായ ഓഫീസര്‍ എം ശ്രീജിത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്ഷേമകാര്യസ്ഥിരം സമിതി ചെയര്മാന് പി ദിവാകരന് സ്വാഗതവും പ്രൊജക്ട് ഓഫീസര്‍ പ്രകാശന് ടി.കെ നന്ദിയും പറഞ്ഞു.