കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ ഫോണ്‍ ചെയ്ത സ്വകാര്യബസ് ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് സസ്പെന്റ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് – പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസിലെ ഡ്രൈവര്‍ സുമേഷിന്റെ ലൈസന്‍സ് ആണ് സസ്പെന്റ് ചെയ്തത്.
ഫറോക്ക് പേട്ട മുതല്‍ ഇടിമുഴിക്കല്‍ വരെ ഏഴ് കിലോമീറ്ററോളം ദൂരം ഓടുന്നതിനിടയില്‍ എട്ട് തവണ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു എന്നാണ് പരാതി. ബസിലെ യാത്രക്കാര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവം സംബന്ധിച്ച് ട്രാഫിക് പൊലീസ് നടപടി സ്വീകരിച്ചു. ഡ്രൈവറുടെ ലൈസന്‍സ് അടക്കമുള്ള രേഖകള്‍ ആര്.ടി.ഒ ഓഫീസില്‍ ഹാജരാക്കിയിരുന്നു. ലൈസന്‍സ് സസ്പെന്റ് ചെയ്തതിനു പുറമെ സുമേഷ് ട്രാഫിക് ബോധവല്‍ക്കരണ ക്ലാസില്‍ ഒരാഴ്ച പങ്കെടുക്കാനും മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചു.