ഷാജി കൈലാസ്-സുരേഷ് ഗോപി കൂട്ടുക്കെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം തിയറ്ററുകളെ പ്രകമ്ബനം കൊള്ളിച്ചവയാണ്. പ്രത്യേകിച്ച് ചിന്താമണി കൊലക്കേസ്.
ഒരു പക്ഷെ ഈ സിനിമയേക്കാള്‍ ആരാധകരുണ്ട് ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്. എല്‍.കെ.. ലാല്‍ കൃഷ്ണ വിരാടിയാര്‍..’. സുരേഷ് ഗോപി ആരാധകര്‍ക്ക് മാത്രമല്ല, മലയാള സിനിമാ പ്രേമികള്‍ക്ക് മുഴുവന്‍ ആവേശമാണ് ആ പേര്. മലയാളത്തിലെ ആ ഫയര്‍ബ്രാന്‍ഡ് കഥാപാത്രം വീണ്ടും എത്തുമെന്ന് സംവിധായകന് ഷാജി കൈലാസ് കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു.
സമൂഹമാദ്ധ്യമങ്ങളില്‍ പുതിയ പോസ്റ്റര്‍ പങ്കിട്ടുകൊണ്ടാണ് എല്‍.കെയുടെ വരവ് സംവിധാകന് അറിയിച്ചത്. തിരക്കഥകൃത്ത് എ.കെ സാജന്റെ പേരും പോസ്റ്ററിലുണ്ട്. മറ്റ് കഥാപാത്രങ്ങളെ കുറിച്ച് സൂചനകളൊന്നുമില്ല. ഇപ്പോഴിതാ, നടന് സുരേഷ് ഗോപിയും ചിത്രത്തെപ്പറ്റി സൂചന നല്‍കിയിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടന് സിനിമ വരുമെന്ന് അറിയിച്ചിരിക്കുന്നത്.
‘ഒരു നീതി, എപ്പോഴും ഒരു നീതി’ എന്ന അടിക്കുറിപ്പും ചിത്രത്തിന് സുരേഷ് ഗോപി നല്കിയിരിക്കുന്നു. പോസ്റ്റിന് താഴെ ആരാധകരുടെ കമന്റുകള്‍ നിറയുകയാണ്. കുറ്റവാളികള്‍ക്കു വേണ്ടി കോടതിയില്‍ കേസ് വാദിക്കുകയും അവരെ രക്ഷിച്ചതിനു ശേഷം മരണശിക്ഷ നല്‍കുകയും ചെയ്യുന്ന ലാല്‍ കൃഷ്ണ വിരാടിയാര്‍ എന്ന അഭിഭാഷകന് തിരിച്ചു വരുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.