മലപ്പുറം: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ദനിര്‍ദേശങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കി. ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്താന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ശ്രമം തുടങ്ങി. മാര്‍ച്ച് 10 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. പ്രോസസിങ് ചാര്‍ജ്ജ് ഈടാക്കുന്നില്ല എന്നാണ് ഇത്തവണത്തെ പ്രത്യേകത. പ്രോസസിങ് ചാര്‍ജ്ജ് എന്ന നിലയ്ക്ക് ഓരോ അപേക്ഷകനും 300 രൂപ അക്കൗണ്ട് നമ്പറില്‍ അടച്ച് രേഖ അപേക്ഷയോടൊപ്പം വെക്കണം എന്ന നടപടിയാണ് ഇത്തവണ വേണ്ടെന്ന് വെച്ചത്. അവസരം ലഭിക്കുന്നവരില്‍ നിന്ന് മാത്രം തുക ഈടാക്കാനാണ് തീരുമാനം.
മൂന്ന് വിഭാഗമായാണ് ഹജ്ജ് അപേക്ഷ. 70 വയസ് കഴിഞ്ഞവരും അവരുടെ സഹായിയും ഉള്‍പ്പെടുന്ന സംവരണ വിഭാഗമാണ് ആദ്യത്തേത്. ആണ്‍തുണ ആവശ്യമില്ലാത്ത 45 വയസ് കഴിഞ്ഞ വനിതകളാണ് രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നത്. മറ്റുള്ളവരെല്ലാം പൊതുവിഭാഗത്തില്‍പെടും.
സംസ്ഥാനത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സൗകര്യമനുസരിച്ച് യാത്രക്ക് കണ്ണൂര്‍, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങള്‍ തെരഞ്ഞെടുക്കാവുന്നതാണ്. അപേക്ഷകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ എല്ലാ ജില്ലകളിലും വോളണ്ടിയര്‍മാര്‍ ഉണ്ടാവും. അപേക്ഷ സമര്‍പ്പിക്കുന്നത് മുതല്‍ യാത്രയാക്കുന്നതുവരെ ഇവരുടെ സേവനം ലഭിക്കും. സംസ്ഥാനത്ത് വനിതകള്‍ ഉള്‍പ്പെടെ മുന്നൂറോളം ട്രെയിനര്‍മാര്‍ ഉണ്ട്. കരിപ്പൂര്‍ ഹജ്ജ് ഹൗസിലും പുതിയറിയിലെ ഓഫീസിലും ഹെല്‍പ് ഡെസ്‌ക് ഉണ്ടാവും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഉടന്‍ ചേരുമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി അറിയിച്ചു.