സ്വന്തം ലേഖകന്‍
കോഴിക്കോട്: ട്രാന്‍സ് ജന്റര്‍ ദമ്പതിമാരായ സഹദിനും സിയ പവലിനും ഇത് ആഹ്ലാദവേള. അവര്‍ക്ക് ആറ്റുനോറ്റുണ്ടായ കുഞ്ഞു പിറന്നു. മൂന്നര വര്‍ഷമായി ഒന്നിച്ച് താമസിക്കുന്ന സഹദും സിയയും ലിംഗ മാറ്റ ചികിത്സയിലായിരുന്നു. അതിനിടെയാണ് സ്വന്തമായി ഒരു കുഞ്ഞ് എന്ന സ്വപ്നം ഇവരുടെ മനസ്സില്‍ ഉടലെടുത്തത്. ചികിത്സ പകുതിയില്‍ നിര്‍ത്തി ഗൈനോക്കോളജിസ്റ്റിനെ സമീപിക്കുകയായിരുന്നു. അങ്ങനെ സഹദ് ഗര്‍ഭം ധരിച്ചു. ഒമ്പതുമാസത്തെ കാത്തിരിപ്പിനുശേഷം സ്രഹദ് എന്ന അച്ഛന് പ്രസവിച്ചു. സിസേറിയന് വഴിയാണ് കുട്ടിയെ പുറത്തെടുത്തത്. സിയ പവല്‍ എന്ന അമ്മ കുഞ്ഞിക്കാല് കണ്ട സന്തോഷത്തിന്റെ പാരമ്യത്തിലാണ്.
13 നാണ് പ്രസവതീയതിയെങ്കിലും ഇന്‍സുലിന്‍ കൊടുക്കേണ്ട അവസ്ഥയിലേക്ക് പ്രമേഹത്തിന്റെ തോത് മാറിയപ്പോഴാണ് സിസേറിയന് ചെയ്യാന്‍ തീരുമാനിച്ചത്. ശസ്ത്രക്രിയയൊന്നും സങ്കീര്‍ണമായിരുന്നില്ല. രാവിലെ 9.37 നാണ് കുഞ്ഞിന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. കുഞ്ഞിനെ നിരീക്ഷണത്തിനായി ഐ.സി.യു.വിലേക്കും ‘അമ്മ’യെ പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലേക്കും മാറ്റിയിട്ടുണ്ട്. കുഞ്ഞിന് മുലയൂട്ടാന്‍ കഴിയാത്തതിനാല്‍ മില്‍ക്ക് ബാങ്കിനെയാണ് ആശ്രയിക്കുന്നത്. കുഞ്ഞിന്റെ തൂക്കം 2.9 കിലോഗ്രാമാണ്. ഏതാനും ദിവസങ്ങള്‍ക്കകം ആശുപത്രി വിടാവുന്നതാണ്.
കോഴിക്കോട് സ്വദേശിയായ സിയപവല് നര്‍ത്തകിയും നൃത്താധ്യാപികയുമാണ്. സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായ സഹദ് തിരുവനന്തപുരം സ്വദേശിയാണ്. സ്വത്വം തിരിച്ചറിഞ്ഞതോടെ വീടുവിട്ടവരാണ് ഇരുവരും. സഹദിന് 23 വയസ്സാണ്. സിയക്ക് 21ഉം. ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി സഹദിന്റെ സ്തനങ്ങള്‍ എടുത്തുമാറ്റിയിരുന്നു. അതിനാല്‍ കുഞ്ഞിന് മുലയൂട്ടാന്‍ ആവില്ല. ഈ പശ്ചാത്തലത്തിലാണ് മില്‍ക്ക് ബാങ്കിന്റെ സഹായം തേടിയത്.
മന്ത്രി അഭിനന്ദിച്ചു
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സിയ പവലിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ആശുപത്രിയില്‍ നിന്ന് എല്ലാവിധ ചികിത്സയും സൗജന്യമായി നല്കുമെന്നു ഉറപ്പാക്കുകയും ചെയ്തു. കോഴിക്കോട് വരുമ്പോള്‍ കുഞ്ഞിനെയും മാതാപിതാക്കളെയും സന്ദര്‍ശിക്കുമെന്നും അറിയിച്ചതായും ആശുപത്രി സൂപ്രണ്ട് ഡോ.സി.ശ്രീകുമാര്‍ പറഞ്ഞു.