കോഴിക്കോട്: ‘സംരംഭങ്ങള്‍ നിയമങ്ങളും സാധ്യതകളും’ എന്ന വിഷയത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. റീജിണല്‍ സയന്‍സ് സെന്റെര്‍ ആന്‍ഡ് പ്ലാനറ്റോറിയത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു എബ്രഹാം അധ്യക്ഷനായിരുന്നു.
വ്യവസായ വാണിജ്യ വകുപ്പ് കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ താമരശ്ശേരി, കോഴിക്കോട് താലൂക്കുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. സമൂഹം സംരംഭക സൗഹൃദമാകുവാന്‍ നിയമങ്ങളെ ഉള്‍ക്കൊള്ളുവാനും അത് നടപ്പാക്കുവാനുമുള്ള അറിവും മനോഭാവവും വികസിക്കണം എന്ന ലക്ഷ്യത്തോടെയാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.
‘സംരംഭങ്ങള്‍ നിയമങ്ങളും സാധ്യതകളും’ എന്ന വിഷയത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ഗിരീഷ് ഐ അവതരണം നടത്തി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസാദ് പി.ടി,ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ബാലരാജന്‍ എം.കെ, ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ നിതിന്‍ പി തുടങ്ങിയവര്‍ സംസാരിച്ചു.