കോഴിക്കോട്: കിനാലൂരിലെ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ സ്ഥലം പനങ്ങാട് പഞ്ചായത്ത് അധികൃതര്‍ കയ്യേറിയതായി പരാതി. സ്ഥലത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് റോഡ് നിര്‍മിക്കാനുള്ള അധികൃതരുടെ ശ്രമമാണ് വിവാദമായത്. ഇതിന്റെ പേരില്‍ പി.ടി ഉഷ എം.പി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി. കെ.എസ്.ഐ.ഡി.സിക്കും ജില്ലാ കലക്ടര്‍ക്കും റൂറല്‍ എസ്.പിക്കുമാണ് പരാതി നല്‍കിയത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന് 30 ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കിയത്. സ്ഥലത്തില്‍ പഞ്ചായത്തിന് അവകാശമുള്ളതായി രേഖകളില്‍ ഇല്ലെന്ന് ഉഷ പറയുന്നു. ഉഷ സ്‌കൂളിന്റെ ഭൂമി മതില്‍കെട്ടി വേര്‍തിരിച്ചിട്ടില്ല. ഈ സാധ്യത ഉപയോഗപ്പെടുത്തി നിരന്തരം കയ്യേറ്റശ്രമം നടത്തുകയാണെന്നാണ് ഉഷയുടെ പരാതി. ഉഷ സ്‌കൂളിന്റെ സ്വകാര്യ റോഡിലൂടെ രാത്രികാലങ്ങളില്‍ അന്യരെ പ്രവേശിപ്പിക്കുന്ന സാഹചര്യം അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതായും ഉഷ പറഞ്ഞു.
ലഹരിമരുന്ന് ലോബികള്‍ സ്ഥലം കൈയടക്കുന്നതായും പറയുന്നു. പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിന് അടുത്താണ് സാമൂഹ്യവിരുദ്ധരുടെ പരാക്രമം. കുറച്ചുദിവസം മുമ്പ് സ്‌കൂളിന്റെ സ്ഥലത്ത് ചുവന്നകൊടി നാട്ടിയിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് അത് എടുത്തുമാറ്റിയത്. ഇത്തരത്തില്‍ നീക്കം തുടര്‍ന്നാല്‍ കിനാലൂരില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുമെന്നും ഉഷ പറഞ്ഞു.
25 പെണ്‍കുട്ടികള്‍ ഇവിടെ പരിശീലനം നേടുന്നുണ്ട്. ഹോസ്റ്റല്‍, മള്‍ട്ടി ജിം, സിന്തറ്റിക് ട്രാക്ക് എന്നിവയെല്ലാം ഇവിടെയുണ്ട്.
ഉഷ സ്‌കൂളിന് സമീപം മറ്റൊരു റോഡ് ഉള്ളപ്പോഴാണ് സിന്തറ്റിക് ട്രാക്കിന് കുറുകെ റോഡ് വേണമെന്ന് പറയുന്നത്. അതേസമയം, റോഡ് നിര്‍മിക്കുന്നത് പഞ്ചായത്തിന്റെ സ്ഥലത്താണെന്ന് പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണന്‍ പറഞ്ഞു. കാന്തലാട് മലയിലെ കുടുംബങ്ങള്‍ക്കുള്ള ഏക വഴിയാണിതെന്നും അദ്ദേഹം വിശദീകരിച്ചു. ഏതായാലും റോഡ് നിര്‍മാണം വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.