കോഴിക്കോട: കാലത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് മാധ്യമ പഠനങ്ങള്‍ ആവിഷ്‌ക്കരിക്കണമെന്ന് തുറമുഖ-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടും മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ് ജേര്‍ണലിസം വിഭാഗവും സംയുക്തമായി മൊയ്തു മൗലവി മ്യൂസിയത്തില്‍ സംഘടിപ്പിച്ച ‘വാര്‍ത്താ ചിത്രം’ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വാര്‍ത്താസംഭവങ്ങളെ തീക്ഷ്ണമായും സത്യസന്ധമായും അവതരിപ്പിക്കുന്നതില്‍ മാധ്യമ മേഖലയിലെ ഫോട്ടോഗ്രാഫര്‍മാര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പലപ്പോഴും വ്യാജവാര്‍ത്തകളുടെ തള്ളിക്കയറ്റത്തിനിടയില്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ സഹായകമാവുന്നത് ക്യാമറക്കണ്ണുകളാണെന്നും മന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തനം സാമ്പ്രദായിക രീതികളില്‍ നിന്ന് വ്യത്യസ്ഥമായി പുതിയ തലങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യ സമൂഹത്തില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ ഒരു പാലമായി വര്‍ത്തിക്കുമ്പോഴും ജനങ്ങളുടെ നാവായിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ പകര്‍ത്തിയ ചിത്രങ്ങളുടെ ഫോട്ടോ എക്സിബിഷനും അരങ്ങേറി.
ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഫോട്ടോഗ്രാഫര്‍മാരായ പി മുസ്തഫ, മധുരാജ്, ഐ.സി.ജെ ഡയറക്ടര്‍ വി.ഇ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഐ ആന്റ് പി.ആര്‍.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍ സ്വാഗതവും മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ് ജേര്‍ണലിസം വിഭാഗം അസി.പ്രൊഫസര്‍ നിയാസ് നന്ദിയും പറഞ്ഞു.