കോഴിക്കോട്: ലൈസന്‍സ് പുതുക്കുന്നതിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ നിബന്ധന കരാറുകാര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഗവണ്മെന്റ് കരാറുകാരുടെ സംയുക്ത സമിതി സര്‍ക്കാരിനു മുന്നില്‍ വെച്ച 21 ഇന അവകാശ പത്രികയില്‍ ഉന്നയിച്ച സര്‍ക്കാര്‍ കരാറുകാരുടെ ലൈസന്‍സ് കാലാവധി അഞ്ചു വര്‍ഷമാക്കണമെന്ന അഭ്യര്‍ത്ഥന തത്വത്തില്‍ അംഗീകരിച്ചു ഉത്തരവിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു .
സര്‍ക്കാര്‍ കരാറുകാരില്‍ 80ശതമാനം കരാറുകാരും ലൈസന്‍സ് പുതുക്കേണ്ടത് മാര്‍ച്ച് 31 നാണ്.മൂന്നു വര്‍ഷത്തേക്കു പുതുക്കുന്നതിനു പകരം രണ്ട് വര്‍ഷം കൂടി നീട്ടി നല്കി കാലാവധി 5 വര്‍ഷമാക്കി തരുമെന്നായിരുന്നു പരസ്പര ധാരണ. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയപ്പോള്‍ ലൈസന്‍സ് പുതുക്കുന്നതിന്ന് ലൈസന്‍സ് ഫീയും, സെക്യൂരിറ്റി ഡെപ്പോസിറ്റും മൂന്നിരട്ടി കൂട്ടി കൊണ്ടാണ് ഉത്തരവിറക്കിയത് .
പുതിയ ഓര്‍ഡര്‍ പ്രകാരം എ ക്ലാസ് കോണ്‍ട്രാക്ടര്‍ക്ക് 2 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നിലവില്‍ ഉണ്ടെങ്കിലും 4 ലക്ഷം രൂപ കൂടി അധികം അടക്കേണ്ട സ്ഥിതിയാണ്. 3000 രൂപ ലൈസന്‍സ് ഫീക്ക് പകരം 9000 രൂപ നല്‍കണം. ഇത് സര്‍ക്കാരും കരാര്‍ സംഘടനകളും തമ്മില്‍ ഉണ്ടാക്കിയ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും ആയതിലെ അപാകതകള്‍ പരിഹരിക്കണമെന്നും ആള് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാന്‍ കരാറുകാര്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് കെ.വി. സന്തോഷ് കുമാര്‍ ജില്ലാ സെക്രട്ടറി വി.പി.ബിജു എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.