കാസര്‍കോട് : ബേഡകം പൊലീസ് സ്റ്റേഷന് പരിധിയിലെ കുണ്ടംകുഴിയില്‍ യുവതിയും മകളും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീര്ക്കയയില് ഡ്രൈവര്‍ ചന്ദ്രന്റെ ഭാര്യ നാരായണി (46), മകള്‍ ശ്രീനന്ദ (12) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച രാത്രി കണ്ടെത്തിയത്.
നാരായണി തൂങ്ങിയ നിലയിലും മകള്‍ വീടിനകത്തു മരിച്ചുകിടക്കുന്ന അവസ്ഥയിലുമായിരുന്നു.

ചന്ദ്രന് ഊട്ടിയിലേക്ക് ടൂറിസ്റ്റ് ബസ് ഡ്രൈവറായി പോയപ്പോഴാണ് സംഭവം എന്ന് പറയുന്നു. ചന്ദ്രന് മൊബൈല്‍ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെത്തുടര്‍ന്ന് വിവരം അന്വേഷിക്കാന്‍ സുഹൃത്തിനോട് ആവശ്യപ്പെടുകയായിരുന്നുവത്രെ.
സുഹൃത്ത് വീട്ടില്‍ച്ചെന്നപ്പോള്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു.പല തവണ വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് സമീപവാസികളെ അറിയിച്ച് വാതില്‍ ചവിട്ടി തുറന്ന് അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടതെന്നാണ് ബേഡകം പൊലീസിനോട് പറഞ്ഞത്.
മരണകാരണം എന്താണെന്ന് വ്യക്തമല്ല. ശ്രീനന്ദ കുണ്ടുകുഴി ജിഎച്ച്എസ്എസില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.