കോഴിക്കോട്: കരിപ്പൂരില്‍ ദുബായി ഫ്ളൈറ്റില്‍ വന്നിറങ്ങിയ 19 കാരിയില്‍ നിന്ന് 1884 ഗ്രാം സ്വര്‍ണം പൊലീസ് പിടിച്ചെടുത്തു. കാസര്‍കോട് സ്വദേശി ഷഹാലയാണ് പിടിയിലായത്. അടിവസ്ത്രത്തില്‍ തുന്നിപിടിപ്പിച്ച മൂന്ന് അറകളില്‍ മിശ്രിത രൂപത്തില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇന്ന് രാവിലെയാണ് സംഭവം.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ ചോദ്യം ചെയ്തെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ലഗ്ഗേജുകള്‍ പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് ദേഹപരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു.
ആരാണ് സ്വര്‍ണം കൊടുത്തുവിട്ടത്, ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവന്നത് എന്ന് വ്യക്തമായിട്ടില്ല. താന്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കരിയര്‍ ആണെന്ന് സമ്മതിക്കാന്‍ പെണ്‍കുട്ടി തയാറായിട്ടില്ല.