
മംഗളൂരു: അധ്യാപകന് ഇരുമ്പുവടി കൊണ്ട് അടിച്ചതിനെതുടര്‍ന്ന് മരിച്ച നാലാംക്ലാസ് വിദ്യാര്‍ത്ഥിയുടെ മാതാവും മരിച്ചു. ഗഡഗ് നര്‍ഗുണ്ട് ഹഡലി ഗ്രാമത്തില്‍ ഗവ. മോഡല്‍ പ്രൈമറി സ്കൂള്‍ അദ്ധ്യാപിക ഗീത ബാരക്കേരിയാണ്(38)ഹുബ്ബള്ളി കിംസ് ആശുപത്രിയില്‍ മരിച്ചത്. ഇവരുടെ മകനാണ് നേരത്തെ കൊല്ലപ്പെട്ട ഭരത് ബാരക്കേരി(ഒമ്പത്).
ഈ വിദ്യാലയത്തിലെ അദ്ധ്യാപകന് മുത്തപ്പ യെല്ലപ്പ ഹഡലിയെ(41) കുട്ടിയേയും മാതാവിനേയും അക്രമിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മകനെ മര്‍ദ്ദിച്ചതിനെ ചോദ്യം ചെയ്തതിന് മുത്തപ്പ മാസ്റ്ററുടെ അക്രമത്തിനിരയായ ഗീത ടീച്ചറെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.