കോഴിക്കോട്: സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റായി ആനത്തലവട്ടം ആനന്ദന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എളമരം കരീം എം.പി ജനറല്‍ സെക്രട്ടറിയായി തുടരും. പി നന്ദകുമാര്‍ ട്രഷറര്‍ ആയും തുടരും. എ.കെ ബാലന്, സി.എസ് സുജാത, ടി.പി രാമകൃഷ്ണന്, കെ.കെ ജയചന്ദ്രന്, ജെ. മേഴ്സിക്കുട്ടിയമ്മ, കെ.പി ശശി, എം.കെ കണ്ണന്, എസ്. ശര്‍മ, പി.കെ ശശി ഉള്‍പ്പെടെ 21 വൈസ് പ്രസിഡന്റുമാരെയും കെ.കെ ദിവാകരന്, കെ. ചന്ദ്രന്‍പിള്ള, കെ.പി സഹദേവന്, വി. ശിവന്‍കുട്ടി, പി.പി പ്രേമ എന്നിവര്‍ അടക്കം 21 സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു.
2013ല്‍ കാസര്‍കോട് നടന്ന സമ്മേളനത്തിലാണ് ആനത്തലവട്ടം ആനന്ദനും എളമരം കരീമും സി.ഐ.ടി.യു സംസ്ഥാന നേതൃത്വത്തില്‍ എത്തിയത്. 2016ല്‍ പാലക്കാട്ടും 2019ല്‍ ആലപ്പുഴയിലും നടന്ന സമ്മേളനങ്ങളിലും ഇവര്‍ ഭാരവാഹികളായി തുടര്‍ന്നു. ഈ സമ്മേളനത്തില്‍ ഇരുവര്‍ക്കും ഒരു അവസരം കൂടി നല്കാന് തീരുമാനിക്കുകയായിരുന്നു.
പ്രവര്‍ത്തന റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയില്‍ ദേശീയ പ്രസിഡന്റ് ഡോ. കെ. ഹേമലതയും ജനറല്‍ സെക്രട്ടറി തപന്‍സെന്നും മറുപടി നല്കി. ഇന്ന് രാവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമും ചര്‍ച്ചകള്‍ക്ക് മറുപടി നല്കി. വൈകുന്നേരം കടപ്പുറത്ത് നടന്ന റാലി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.