കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില്‍ നിന്ന് 21 .29 കോടി രൂപ അക്കൗണ്ടുകള്‍ വഴി തിരമറി നടത്തിയ മുന്‍ സീനിയര്‍ മാനേജര്‍ എം.പി റിജില്‍ മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളിലും മറ്റും ഭൂമിയിടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യവും ക്രൈബ്രാഞ്ച് പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന് വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
എട്ടുവര്‍ഷത്തോളമായി പി.എന്‍.ബിയില്‍ ജോലി ചെയ്യുന്ന റിജില്‍ കോഴിക്കോടിന് പുറമെ പാലക്കാടും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മറ്റെവിടെയെങ്കിലും സ്ഥലം വാങ്ങിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. 2022 ജനുവരി മുതലാണ് റിജില്‍ തട്ടിപ്പ് തുടങ്ങിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ബാങ്കില്‍ നിന്ന് ലഭിച്ച വിവരങ്ങളും റിജിലിന്റെ മൊഴിയും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. തിങ്കളാഴ്ചയോടെ ഇത് പൂര്‍ത്തിയാകും. കോഴിക്കോടിന് പുറത്തുള്ള ശാഖകളില്‍ നിന്ന് പണം കവര്‍ന്നിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി കൂടാന്‍ സാധ്യതയില്ലെങ്കിലും കുറയാന്‍ ഒട്ടും സാധ്യതയില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്കുന്ന സൂചന. ബാങ്ക് ശാഖകളിലെ ഓഡിറ്റ് പൂര്‍ത്തിയായാല്‍ മാത്രമെ കൂടുതല്‍ വ്യക്തത കൈവരികയുള്ളു.പണമെല്ലാം ഊഹക്കച്ചവടത്തിലും റമ്മി കളിയിലും ചെലവിട്ടുവെന്ന റിജിലിന്റെ മൊഴി ക്രൈംബ്രാഞ്ച് പൂര്‍ണമായും വിശ്വസിക്കുന്നില്ല. എന്തെങ്കിലും നിക്ഷേപമുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. തനിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് റിജില്‍ പറയുന്നുണ്ട്.
അതേസമയം, പൊലീസ കേസെടുത്തത് ബാങ്കിന്റെ പരാതിയിലാണെന്ന് വ്യക്തമാക്കപ്പെടുന്നു. കോര്‍പറേഷന്റെ പരാതി പിന്നീടാണ് ലഭിച്ചത്. അത് തെളിവായി കണക്കാക്കുകയായിരുന്നു. റിജിലിന്റെ കസ്റ്റഡി കാലാവധി 20ന് അവസാനിക്കും.