കോഴിക്കോട്: 24 ന് ആരംഭിക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ചുള്ള പരിപാടികള്‍ക്ക് ബേപ്പൂരില്‍ തുടക്കമായി. ഫെസ്റ്റിന്റെ ഭാഗമായി പുലിമുട്ട് മറീന ബീച്ചിലൊരുക്കിയ ഉത്തരവാദിത്ത ടൂറിസം മിഷന്‍ എക്സിബിഷന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു.
ഉത്തരവാദിത്ത ടൂറിസം മിഷനു കീഴില്‍ പരിശീലനം നേടിയ സംരംഭകരാണ് എക്‌സിബിഷനില്‍ ഉത്പന്നങ്ങളുമായെത്തിയത്. ബേപ്പൂരിന്റെ മുഖമുദ്രയായ ഉരുവിന്റെ വ്യത്യസ്ത വലിപ്പത്തിലുള്ള മാതൃകകള്‍ മുതല്‍ സുഗന്ധവ്യഞ്ജനങ്ങളുപയോഗിച്ച് നിര്‍മ്മിച്ച മെഴുകുതിരികള്‍, സോപ്പുകള്‍, ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കള്‍, പേപ്പര്‍ ബാഗ്, ബോട്ടില്‍ ആര്‍ട്ട്, മ്യൂറല്‍ പെയിന്റിംഗ്, ഇന്റീരിയര്‍ പ്ലാന്റ്സ് തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിനുണ്ട്. വാട്ടര്‍ ഫെസ്റ്റ് ആരംഭിക്കുന്നതോടെ എക്സിബിഷന്‍ പൂര്‍ണ്ണ തോതില്‍ സജ്ജമാകും. പരിപാടിയോടനുബന്ധിച്ചു സിനിമ പിന്നണി ഗായകര്‍ സുനില്‍ കുമാറും ഉണ്ണിമായയും അവതരിപ്പിച്ച ബാബുരാജ് നൈറ്റ് സംഗീത നിശയും ബീച്ചില്‍ അരങ്ങേറി.
കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ, നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ കൃഷ്ണകുമാരി, വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ സുരേശന്‍, എം ഗിരിജ ടീച്ചര്‍, വാടിയില്‍ നവാസ്, രജനി തോട്ടുങ്ങല്‍, പി രാജീവ്, ടി കെ ഷമീന, ജില്ലാ വികസന കമ്മീഷണര്‍ എം എസ് മാധവിക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.