കോഴിക്കോട്: കാലുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി കൃത്രിമക്കാല്‍ നിര്‍മിച്ചു നല്‍കുന്നതിന് ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ക്യാമ്പ് 18ന് നടക്കും. രാജീവ്നഗറിലെ ലയണ്‍സ് ഹാളിലാണ് പരിപാടി. ക്യാമ്പ് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
30,000 രൂപ വിലവരുന്ന ജയ്്പൂര്‍ കാലുകളാണ് നല്‍കുന്നത്. ഗുണഭോക്താക്കളുടെ എണ്ണം കൂടുകയാണെങ്കില്‍ ക്യാമ്പ് കൂടുതല്‍ ദിവസത്തേക്ക് നീട്ടും. മുമ്പ് ലഭിച്ചവര്‍ക്ക് അവര്‍ ഉപയോഗിക്കുന്ന കൃത്രിമക്കാലിന് എന്തെങ്കിലും തകരാര്‍ ഉണ്ടെങ്കില്‍ പരിഹരിക്കാനും ആവശ്യമെങ്കില്‍ പുതിയവ നല്‍കുന്നതിനും സൗകര്യം ഉണ്ടാവും.
ക്യാമ്പിന്റെ തുടക്കത്തില്‍ തന്നെ കാലിന്റെ അളവെടുക്കും. അഞ്ചാം ദിവസം നടക്കാനുള്ള പരിശീലനം നല്‍കും. 300 പേര്‍ക്ക് സഹായമെത്തിക്കാന്‍ കഴിയും. ഇതുവരെ 200 പേരാണ് അപേക്ഷിച്ചതെന്ന് ലയണ്‍സ് ക്ലബ്ബ് ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ വത്സലാ ഗോപിനാഥ് പറഞ്ഞു.