കൊല്ലം: ഇംഗ്ലണ്ടില്‍ ലിവര്‍പൂളിനു സമീപം ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി യുവാവിനെ തിരിച്ചറിഞ്ഞു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയാണ് യുവാവ്. കൊട്ടാരക്കര കിഴക്കേത്തെരുവ് ഇരുങ്ങൂര്‍ നീലാംവിളയില്‍ വിവി നിവാസില്‍ ഗീവര്‍ഗീസിന്റെ മകന് വിജിന് വര്‍ഗീസ് (26) ആണ് മരിച്ചത്. ലിവര്‍പൂളിനടുത്ത് വിരാല്‍ ബെര്‍ക്കന്‍ഹെഡ് റോക്ക് ഫെറിയിലാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ വിജിനെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി എന്‍ജിനിയറിങ്ങ് മാനേജ്മെന്റ് വിദ്യാര്‍ഥിയായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് എത്തിയത്.
പഠനത്തോടൊപ്പം സ്വകാര്യ ഏജന്‍സി മുഖേന പാര്‍ട്ട് ടൈം ജോലിയും ചെയ്തിരുന്ന വിജിന് ജോലിക്ക് പോയിരുന്ന സ്ഥാപനത്തില്‍ സ്ഥിരമായി ജോലിയും വര്‍ക്കിംഗ് പെര്‍മിറ്റും കിട്ടിയതായി സൂചനയുണ്ട്.
മരണത്തില്‍ ദുരൂഹത ഉയര്‍ന്ന സാഹചര്യത്തില്‍ കൃത്യമായ പൊലീസ് അന്വേഷണം നടന്നതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയുള്ളു. മൃതദേഹത്തോടൊപ്പം ലഭിച്ച കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. മെഴ്സിസൈഡ് പൊലീസ് ആണ് കേസ് എടുത്തിട്ടുള്ളത്. ജോലി ചെയ്യാനുള്ള സൗകര്യം കണക്കിലെടുത്തതാണ് വിജിന് ചെസ്റ്ററില്‍ നിന്നും ബെര്‍ക്കന്‍ഹെഡില്‍ താമസമാക്കിയത്.
കിഴക്കെത്തെരുവ് പട്ടമല സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളി ഇടവക അംഗമായ വിജിന് നാട്ടില്‍ ആധ്യാത്മിക രംഗങ്ങളില്‍ ഏറെ സജീവമായിരുന്നുവെന്നു സുഹൃത്തുക്കള്‍ പറഞ്ഞു. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.ജെസി വര്‍ഗീസാണ് മാതാവ്. വിപിന്‍ വര്ഗീസ്സഹോദരനും