വിവാദമായപ്പോള്‍ പിന്‍വലിച്ചു
വ്യാജ അക്കൗണ്ടെന്ന് നാട്ടകം സുരേഷ്
കോട്ടയം: ഡോ.ശശി തരൂരിനെ അവഹേളിച്ച് കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ പോസ്റ്റ്. ‘സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രംകഴുകി കോണ്‍ഗ്രസായിട്ട്, പാര്‍ലമെന്റ് സീറ്റ് മേടിച്ച് വിമാനത്തില്‍ വന്നിറങ്ങിയ ആളല്ല നാട്ടകം സുരഷ്’ എന്നായിരുന്നു പോസ്റ്റിന്റെ തലക്കെട്ട്. വിവാദമായതിനെ തുടര്‍ന്ന് ഈ ഭാഗം എഡിറ്റ് ചെയ്ത് മാറ്റി. നാട്ടകം സുരേഷിന്റെ ഫോണ്‍ നമ്പറാണ് പേജില്‍ നല്‍കിയിരിക്കുന്നത്. തരൂരിന്റെ പേരു പരാമര്‍ശിക്കാതെ അവഹേളിച്ചും ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷിനെ പരസ്യമായി പിന്തുണച്ചും പ്രകീര്‍ത്തിച്ചും ഡി.സി.സി. പ്രസിഡന്റിന്റെ ചിത്രത്തോടെയാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.
ഒരു ദിവസം നേരം പുലര്‍ന്നപ്പോള്‍ കുപ്പായം തയ്ച്ചു കോണ്‍ഗ്രസുകാരനായതല്ല നാട്ടകം സുരേഷെന്ന് പോസ്റ്റില്‍ പറയുന്നു. സി.പി.എം. കോട്ടയായിരുന്ന നാട്ടകം പഞ്ചായത്തില്‍ പ്രസിഡന്റാവുമ്പോള്‍ 25 വയസ്സായിരുന്നു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ ബ്ലോക്ക് പ്രസിഡന്റായി തുടങ്ങി യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായും കെ.പി.സി.സി. സെക്രട്ടറിയായും പ്രവര്‍ത്തിച്ച ശേഷമാണ് കോട്ടയം ഡി.സി.സി. പ്രസിഡന്റായതെന്ന് പോസ്റ്റില്‍ പറയുന്നു. തരൂരിന് സംഘടനാ തലത്തില്‍ പരിചയമില്ലെന്ന മുന്‍ വിമര്‍ശനങ്ങളെ പരോക്ഷമായി സൂചിപ്പിച്ചാണ് നാട്ടകം സുരേഷിനുള്ള പിന്തുണ.
അതേസമയം, ഡി.സി.സിയുടെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് തള്ളി നാട്ടകം സുരേഷ് രംഗത്തെത്തി. വിവാദ പോസ്റ്റ് വന്നത് വ്യാജ അക്കൗണ്ടിലാണ്. ഡി.സി.സിക്ക് ഔദ്യോഗിക പേജില്ല. 2017ല്‍ ആരോ ഉണ്ടാക്കിയ പേജാണിത്. തന്റെ നമ്പര്‍ ഉപയോഗിച്ചതിന് പേജിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു.