മംഗളൂറു:ഗുരുവയങ്കര തടാകത്തില്‍ മുങ്ങി മരിച്ച യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ഭാര്യ.ബെല്‍ത്തങ്ങാടിയില്‍ ഓട്ടോറിക്ഷ ഡ്രൈവറായ കുവെട്ടു ശിവാജി നഗറിലെ പ്രവീണ്‍ പിന്റോയുടെ(37) മൃതദേഹം ഇന്നലെ ഉച്ച രണ്ടോടെയാണ് കണ്ടെത്തിയിരുന്നത്. ഇന്നലെ പുലര്‍ച്ചെ നാലിന് താന്‍ മരിക്കാന്‍ പോവുകയാണെന്ന് സുഹൃത്തുക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശങ്ങള്‍ കൈമാറിയെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം.എന്നാല്‍ മരണത്തിന് സംശയം ഉണ്ടെന്ന് പിന്റോയുടെ ഭാര്യ രേഷ്മ ജുലിയട്ട് ലോബോ ബെല്‍ത്തങ്ങാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
ഒഡില്‍നാലെ അമര്‍ ജാലെയിലെ വീട്ടില്‍ മെഹന്തി പരിപാടിക്ക് പോവുന്നു എന്ന് പറഞ്ഞാണ് ഭര്‍ത്താവ് രാത്രി വീട്ടില്‍ നിന്ന് പോയത്.ഇന്നലെ പുലര്‍ച്ചെ 1.40ന് വിളിച്ചപ്പോള്‍ ആ വീട്ടില്‍ ഉണ്ടെന്നാണ് പറഞ്ഞിരുന്നത്.പ്രദീപ് ഷെട്ടി എന്നയാളും പിന്റോയും തമ്മില്‍ നേരത്തെ വാക്കേറ്റമുണ്ടായിരുന്നതായി രേഷ്മ പരാതിയില്‍ പറഞ്ഞു.ഇന്നലെ പുലര്‍ച്ചെ ഒരു കാര്‍ തങ്ങളുടെ വീടിന് മുന്നില്‍ വന്നുപോയിരുന്നു.പിന്റോ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ധരിച്ച ചുവന്ന ടീ ഷര്‍ട്ട് കാണാനില്ലെന്നും പരാതിയിലുണ്ട്.ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള മകനുണ്ട്.രേഷ്മ ഏഴ് മാസം ഗര്‍ഭിണിയാണ്.