കണ്ണൂർ: ക്വാറി ദൂരപരിധി കേസിലെ വിധി നടപ്പിലാക്കുന്നതിന്റെ കാല താമസത്തിൽ പ്രതിഷേധിച്ച് മൈനിംഗ് /ജിയോളജി ഓഫീസിനു മുന്നിൽ ചെറു കിട ക്വാറി അസോസിയേഷൻ നടത്താൻ തീരുമാനിച്ച അനിശ്ചിത കാല നിരാഹാര സമരത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് ഇ സി ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് യു. സഈദ് ആവശ്യപ്പെട്ടു. ഗവർമെന്റിനെ സമ്മർദ്ദത്തിലാക്കുന്ന ഒരു സമര പരിപാടിയിലും ക്വാറി ഉടമകൾ ഈ അവസരത്തിൽ പങ്കെടുക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒക്ടോബർ 28 ന് സുപ്രിം കോടതി വിധി വന്ന ഉടനെയും നവമ്പർ 10 ന് കേരള ഹൈകോടതി വിധി വന്നതിനു ശേഷവും ഇ. സി. ഹോൾഡേഴ്സ് അസോസിയേഷൻ കൃത്യമായ ഇടപെടൽ നടത്തി വരുന്നുണ്ട്. അനുബന്ധമായ നിയമ നടപടികളിലും ശ്രദ്ധയൂന്നുന്നുണ്ട്. കോടതി വിധി അനുസരിച്ചുള്ള നടപടികൾ ഡിപ്പാർട്മെന്റിൽ നടക്കുന്നുണ്ടെന്ന് ജിയോളജി ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ലീസ് അപേക്ഷകൾ ഡയറക്ടറേറ്റിൽ നടപടികൾ ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും എല്ലാ ജില്ലാ ഓഫിസുകൾക്കും നടപടികൾക്കുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കീട്ടുണ്ട്. ഏതെങ്കിലും ഓഫിസിൽ നിന്ന് തടസങ്ങൾ നേരിടുകയാണെങ്കിൽ അക്കാര്യം തന്നെ അറിയിക്കണമെന്നും ഡയറക്ടർ ആവശ്യപ്പെട്ട സാഹചര്യത്തിൽ ഒരു സമര പരിപാടിയിലൂടെ വിഷയത്തിന്റെ സുതാര്യത തകർക്കരുതെന്നും സഈദ് ആവശ്യപ്പെട്ടു.കോടതി നടപടികൾ നടപ്പിലാക്കുന്നതിന് ഏതെങ്കിലും ജില്ലാ ജിയോളജിസ്റ്റുകൾ തടസം നിൽക്കുന്നുവെങ്കിൽ അക്കാര്യം ഇ സി ഹോൾഡേഴ്സ് ഭാരവാഹികളെക്കൂടി അറിയിക്കാവുന്നതാണെന്നും പ്രസ്താവനയിൽ പറഞ്ഞു.