ദുബായ് : ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ ഇരിങ്ങല്‍ കോട്ടക്കല്‍ സ്ഥിതി ചെയ്യുന്ന സ്മാരകത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചു കൊയിലാണ്ടി മണ്ഡലം എം എല്‍ എ കാനത്തില്‍ ജമീലയുമായി കുഞ്ഞാലി മരക്കാര്‍ ഗ്ലോബല്‍ ഫൗണ്ടേഷന് പ്രതിനിധികള്‍ ചര്‍ച്ച നടത്തി. നിവേദനം നല്കി.
പയ്യോളി നഗരസഭയുടെ കൈവശമുള്ള ഭൂമിയില്‍ കെട്ടിടം നിര്‍മിച്ചു കുഞ്ഞാലി മരക്കാരുടെ പേരില്‍ മ്യുസിയം നിര്‍മിക്കണമെന്നും നിവേദക സംഘം ആവശ്യപ്പെട്ടു.
മരക്കാരുടെ ജന്മദേശത്ത് നിന്ന് കണ്ടെടുത്ത സ്വര്‍ണാഭരണങ്ങളും, പഴയ ശില്പങ്ങളുമെല്ലാം മരക്കാര്‍ സ്മാരകത്തോടനുബന്ധിച്ചുള്ള മ്യുസിയത്തില്‍ സംരക്ഷിച്ചു പ്രദര്‍ശിപ്പിക്കണം. തലശേരി കടപ്പുറത്തു നിന്നും കണ്ടു കിട്ടിയ പീരങ്കികളും, മരക്കാര്‍ ഗ്രാമത്തില്‍ നിന്നും
കണ്ടെത്തിയ പീരങ്കിയുണ്ടകളും,വാളുകളും പരിചകളുമെല്ലാം സംരക്ഷിക്കണം.
മരക്കാര്‍ സ്മാരകവും സമീപത്തായി സ്ഥിതി ചെയ്യുന്ന ഇരിങ്ങല്‍ അന്താരാഷ്ട്ര കരകൗശല ഗ്രാമം(ക്രാഫ്റ്റ് വില്ലേജ്),
വടകര സാന്‍ഡ് ബാങ്ക്സ്, തിക്കോടിക്ക് പടിഞ്ഞാറായി അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന വെള്ളിയാങ്കല്ല് എന്നിവയുമായി ബന്ധിപ്പിച്ചു ജല, സാഹസിക ടൂറിസത്തിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
കുഞ്ഞാലി മരക്കാര്‍ ഗ്ലോബല്‍ ഫൗണ്ടേഷന് ജന:സിക്രട്ടറി അഡ്വ.മുഹമ്മദ് സാജിദ് എം എല്‍ എ ക്കു നിവേദനംകൈമാറി. ഇസ്മായില്‍ മേലടി, ബഷീര്‍ തിക്കോടി, റഹീസ് ഇരിങ്ങല്‍ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
മരക്കാര്‍ ചരിത്രം പാഠ്യ പദ്ധതികളില്‍ ഉള്‍പ്പെടുത്താനുള്ള കാര്യം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും എം എല്‍ എ ഉറപ്പു നല്കി.