ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന രാഷ്ട്ര രൂപീകരണത്തിന്റെ അമ്പതാം വാര്‍ഷികാഘോഷ വേളയില്‍ രാജ്യത്തിന് സ്നേഹ സമര്‍പ്പണമായി ഒരു മ്യൂസിക് ആല്‍ബം അണിയറയില്‍ ഒരുങ്ങുകയാണ്. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു പുറത്തിറങ്ങുന്ന ‘ശുക്റന് യാ ഇമാറാത്’ എന്ന ആല്‍ബത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലെ ശ്രദ്ധിക്കപ്പെടുന്ന കുട്ടി വ്ലോഗേഴ്സ് ആസിലും പാത്തുവും അഭിനയിക്കുന്നു. ഇമറാത്തിന്റെ ഇന്നലെകളും ഇന്നും വരച്ചു കാട്ടുന്ന ഗാനം ഒരുക്കിയത് ശൈഖ് സായിദിനെ കുറിച്ച് ഗാനമെഴുതി ശ്രദ്ധേയനായ ഖാദര്‍ ബാങ്കോട് ആണ്.
ആദര്‍ശ് കെ. കെ. യുടെ സംഗീതത്തില്‍ ഫ്ലവര്‍സ് ചാനല്‍ ടോപ് സിങ്ങര്‍ ഫെയിം റിതു രാജ് ആണ് ആലാപനം. ആല്‍ബത്തിന്റെ പോസ്റ്റര്‍ പ്രകാശനം സാമൂഹ്യ രംഗത്തെ നിറ സാന്നിധ്യം നെല്ലറ ഷംസുദ്ധീനും അലി അല്‍ കഅബിയും ചേര്‍ന്നാണ് നിര്‍വഹിച്ചത്. ‘തലമുറകള്‍ക്കു തണലേകുന്ന മരുഭൂമി’ എന്ന് വിശേഷിപ്പിക്കാവുന്ന ഈ നാടിനു വേണ്ടി ഒരു സ്നേഹ സമര്‍പ്പണം എന്ന നിലയിലാണ് അഭിമാനത്തോടെ ഇതിനെ കാണുന്നതെന്ന് ഖാദര്‍ ബാങ്കോടും നിര്‍മ്മാതാവ് ലത്തീഫ് സി. ബി. യും അറിയിച്ചു.