കോഴിക്കോട്: കോര്‍പറേഷനില്‍ കരാല്‍ നിയമനങ്ങള്‍ പുതുക്കി നല്‍കാന്‍ തീരുമാനം. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. സംസ്ഥാനത്ത് കരാര്‍ നിയമനം ഏറെ വിവാദം സൃഷ്ടിക്കുമ്പോഴാണ് കോര്‍പറേഷനിലെ നീക്കം. യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ വിയോജിപ്പോടെയാണ് ഇതുമായി ബന്ധപ്പെട്ട അജണ്ടകള്‍ അംഗീകരിച്ചത്. കാലാവധി കഴിഞ്ഞ നാല് കരാര്‍ ജീവനക്കാര്‍ക്കാണ് കരാറുകള്‍ പുതുക്കി നല്‍കുന്നത്. ആയിരകണക്കിന് ആളുകള്‍ തൊഴിലിനുവേണ്ടി കാത്തിരിക്കുമ്പോള്‍ ഇത്തരം നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുകയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കുകയോ വേണമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. താല്‍ക്കാലിക നിയമനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കെ. മൊയ്തീന്‍കോയ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മേയര്‍ അനുമതി നല്‍കിയില്ല. ഇത് ബഹളത്തിന് ഇടയാക്കി.
കോര്‍പറേഷനില്‍ പിന്‍വാതില്‍ നിയമനം നടന്നിട്ടില്ലെന്നും എല്ലാം മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും മേയര്‍ പറഞ്ഞു. കരാര്‍ജോലിക്കാരായും താല്‍ക്കാലികക്കാരായും 124 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇപ്പോള്‍ 122 ശുചീകരണ തൊഴിലാളികളെ നിയമിച്ചതില്‍ മാനദണ്ഡം പാലിച്ചിട്ടില്ലെന്ന് ബി.ജെ.പി അംഗം ടി. റെനീഷ് കുറ്റപ്പെടുത്തി.