തിരുവനന്തപുരം: അനുപമയുടെ കണ്ണീരിന് അറുതി. കാത്തിരുന്ന കണ്മണിയെ ഇനി മാറോടു ചേര്ത്തുലാളിക്കാം. മാതാവ് അറിയാതെ ദത്ത് നല്കിയ കേസില്‍ തിരുവനന്തപുരം കുടുംബ കോടതിയുടെ അടിയന്തര ഇടപെടലോടെയാണ് അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടിയത്. വൈകിട്ട് നാലോടെ കുടുംബ കോടതി ജഡ്ജിയുടെ ചേംബറില്‍ വച്ചാണ് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ അനുപമയ്ക്ക് കുഞ്ഞിനെ കൈമാറിയത്.
ആന്ധ്രയില്‍ നിന്നെത്തിച്ച കുഞ്ഞിന്റെ ഡിഎന്‍എ ഫലം പുറത്തുവന്നതിന് പിന്നാലെ അനുപമയും ഭര്‍ത്താവ് അജിത്തും കുഞ്ഞിനെ വിട്ടുകിട്ടുന്നതിനായി കുടുംബ കോടതിയില്‍ മുന്‍കൂര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.തുടര്‍ന്ന് ഇന്ന് രാവിലെ കേസ്് പരിഗണിച്ച കുടുംബ കോടതി ജഡ്ജ് ബിജു മേനോന് ശിശുക്ഷേമ സമിതിയില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു.
തുടര്‍ന്ന് കേസ് ഉച്ചയ്ക്ക് ശേഷം മാറ്റവെച്ച കോടതി, വീണ്ടും കോടതി ചേര്‍ന്നപ്പോള്‍ കുഞ്ഞിനെ അനുപമയ്ക്ക് നല്‍കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനു പിന്നാലെ കുന്നുകുഴി നിര്‍മ്മലാ ശിശുഭവനില്‍ പാര്‍പ്പിച്ചിരുന്ന കുഞ്ഞിനെ കോടതിയിലെത്തിച്ചു. തുടര്‍ന്ന് ജഡ്ജിയുടെ സാന്നിദ്ധ്യത്തില്‍ കുഞ്ഞിനെ അമ്മ ഏറ്റുവാങ്ങി.
ഡിഎന്‍എ പരിശോധനാ ഫലം അനുപമയ്ക്ക് അനുകൂലമായ സാഹചര്യത്തില്‍ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗവണ്മെന്റ് പ്ലീഡറോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഡിഎന്‍എ ഫലം ഗവണ്മെന്റ് പ്ലീഡര്‍ മുഖാന്തരമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കുഞ്ഞ് അനുപമയുടെതാണെന്ന ഡിഎന്‍എ പരിശോധനാ ഫലം അടങ്ങിയ റിപ്പോര്‍ട്ട് ശിശുക്ഷേമസമിതി ഇന്ന് രാവിലെ കോടതി കൈമാറിയിരുന്നു.