ദുബൈ: മഹാ കവി ടി. ഉബൈദിന്റെ സ്മരണാർത്ഥം ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ “കെഎംസിസി സാഹിത്യ ശ്രേഷ്ഠാ അവാർഡ്”ന് ആലങ്കോട് ലീലാകൃഷ്ണൻ അർഹനായി. കവിയും എഴുത്തുകാരനും കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ്, ഉബൈദിന്റെ ചരമവാർഷികം അര നൂറ്റാണ്ടോടടുക്കുന്ന സന്ദർഭത്തിൽ അവാർഡ് നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
വിദ്യാർത്ഥി കാലം മുതൽ എഴുത്തിൽ സജീവമായി നിൽക്കുന്ന ആലങ്കോട് ലീലാ കൃഷ്ണൻ അക്കാലം തൊട്ടു തന്നെ ആനുകാലികങ്ങളിൽ എഴുതിയിരുന്നു. മലയാളത്തിലെ പ്രമുഖ പ്രസാധകരൊക്കെയും ആലങ്കോടിൻറെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യരംഗത്തെ പ്രവർത്തനങ്ങൾ മുൻ നിർത്തി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിലുമായി ഒട്ടേറെ വേദികളിൽ പ്രഭാഷണം നടത്തി.
ഡോ: എം. കെ. മുനീർ എംഎൽഎ, ടി. ഇ. അബ്ദുല്ല, യഹിയ തളങ്കര, പി. പി. ശശീന്ദ്രൻ, ജലീൽ പട്ടാമ്പി എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ കണ്ടെത്തിയത്. സാഹിത്യകാരൻ, കവി, അദ്ധ്യാപകൻ, പത്രപ്രവത്തകൻ, സാമൂഹിക പ്രവത്തകൻ തുടങ്ങി എല്ലാ മേഖലകളിലും തിളങ്ങി നിന്ന വ്യക്തിയായിരുന്നു ഉബൈദ് മാസ്റ്റർ. സമൂഹത്തിൽ നില നിന്നിരുന്ന നിരക്ഷരതയും അന്ധവിശ്വാസവും തുടച്ച് നീക്കുവാൻ ഉബൈദ് അക്ഷീണം പ്രവർത്തിച്ചരുന്നു.
ഉത്തര മലബാറിൽ നിന്ന് സാഹിത്യ രംഗത്ത് തിളങ്ങിയിരുന്ന അദ്ദേഹം അക്കാലത്തെ മിക്ക സാഹിത്യ പരിഷത്ത് സമ്മേളനങ്ങളിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചിരുന്നു. മലയാളത്തിലും കന്നടയിലും അറബിയിലും അറബി മലയാളത്തിലും ധാരാളം കവിതകളെഴുതി. മലയാളത്തിൽ നിന്ന് കന്നഡയിലേക്കും തിരിച്ചും ഒട്ടേറെ വിവർത്തനങ്ങൾ നടത്തി. 1972 ഒക്ടോബർ മൂന്നിന് അന്തരിച്ചു.
കാസർകോട്ടു നടക്കുന്ന വർണ്ണശബളമായ ചടങ്ങിൽ, അവാർഡ് വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ട്രഷറർ ടി. ആർ ഹനീഫ്, ഓർഗനൈസിംഗ് സെക്രട്ടറി അഫ് സൽ മെട്ടമ്മൽ, വൈസ് പ്രസിഡണ്ടുമാരായ റഷീദ് ഹാജി കല്ലിങ്കാൽ, ഇ. ബി. അഹമ്മദ്, സെക്രട്ടറിമാരായ സലാം തട്ടാനിച്ചേരി, കെ. പി. അബ്ബാസ് കളനാട്, ഫൈസൽ മുഹ് സിൻ, അഷ്റഫ് പാവൂർ സംസാരിച്ചു. വൈസ് പ്രസിഡന്റ് സി. എച്ച്. നൂറുദ്ദീൻ നന്ദി പറഞ്ഞു.