മലപ്പുറം: പ്രവാസ ലോകത്ത് സമസ്തയുടെ ഏക ഔദ്യോഗ പോഷക ഘടകമായ സമസ്ത ഇസ്ലാമിക് സെന്റർ (എസ്ഐസി) സൗദി നാഷണൽ കമ്മിറ്റി വാർഷിക കൗൺസിൽ യോഗം പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി മേലാറ്റൂർ പ്രസിഡന്റും അബ്‌ദുറഹ്‌മാൻ അറക്കൽ ജനറൽ സെക്രട്ടറിയും ഇബ്രാഹിം ഓമശ്ശേരി ഖജാഞ്ചിയുമാണ്. അലവിക്കുട്ടി ഒളവട്ടൂരിനെ ഉപദേശക സമിതി ചെയർമാനായും തെരെഞ്ഞെടുത്തു.
2018 നവംബർ 23 ന് വിശുദ്ധ മദീനയിൽ ആയിരുന്നു എസ് ഐ സി യുടെ പിറവി. ശൈഖുൽ ജാമിഅ: പ്രൊഫ: കെ. ആലിക്കുട്ടി മുസ്‌ലിയാരാണ് എസ് ഐ സി പ്രഥമ കമ്മിറ്റിയെ പ്രഖ്യാപിച്ചിരുന്നത്. മുശാവറ മെമ്പർ എ. വി. അബ്ദുറഹിമാൻ മുസ്‌ലിയാരും സന്നിഹിതനായിരുന്നു.
മൂന്നു വർഷം കൊണ്ട് 13 പ്രൊവിൻസ് കമ്മിറ്റികളും 43 സെന്റർ കമ്മിറ്റികളും നിരവധി ഏരിയ കമ്മിറ്റികളും പതിനായിരത്തിൽ പരം അംഗങ്ങളും ഉൾക്കൊള്ളുന്ന മഹാ പ്രസ്ഥാനമായി സംഘടന മാറിക്കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.
എസ്ഐസി അന്താരാഷ്ട്ര തലത്തിൽ രൂപവത് രിക്കാൻ പോവുകയാണെന്ന് പുതിയ ഭാരവാഹികളെ അനുമോദിച്ചു കൊണ്ടു സംസാരിക്കവെ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. സമസ്ത ജന: സെക്രട്ടറി ഡോ: ബഹാഉദ്ദീൻ കൂരിയാട്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ എന്നിവർ പ്രസംഗിച്ചു.സയ്യിദ് ഉബൈദുല്ല തങ്ങൾ അധ്യക്ഷത വഹിച്ചു. അലവിക്കുട്ടി ഒളവട്ടൂർ സ്വാഗതം പറഞ്ഞു. എസ് ഐ സി സഊദി കോ – ഓർഡിനേറ്റർ കെ. മോയിൻ കുട്ടി മാസ്റ്റർ, അബ്ദുറഹിമാൻ അറക്കൽ ആശംസാ പ്രസംഗം നടത്തി.