തിരുവനന്തപുരം: സര്‍വകലാശാലകളെ കമ്മ്യൂണിസ്റ്റ്വത്ക്കരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. സര്‍ക്കാരും മുഖ്യമന്ത്രിയും ഒന്നിച്ച് ചെയ്ത തെറ്റിനുള്ള പരിഹാരമല്ല ചാന്‍സലറെ മാറ്റല്‍. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റിയാല്‍ ഇപ്പോള്‍ പിന്‍വാതിലിലൂടെ ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളെയും നിയമിച്ചതു പോലെ സി.പി.എം എ.കെ.ജി സെന്ററില്‍ ഇരുന്ന് വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്ന സ്ഥിതിയുണ്ടാകും.
ബംഗാളില്‍ ചെയ്തത് പോലെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ളവരെ വി.സിമാരാക്കി ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ സംഘപരിവാറുകാരെ വി.സിമാരായി നിയമിക്കുമെന്ന ഭയം പോലെ സര്‍ക്കാരും കമ്മ്യൂണിസ്റ്റുകാരെ തിരുകിക്കയറ്റുമോയെന്ന ഭയം പ്രതിപക്ഷത്തിനുണ്ട്. ചാന്‍സലറെ മാറ്റേണ്ട ഒരു സാഹചര്യവും ഇവിടെയില്ല. സുപ്രീം കോടതി വിധിയെ മറികടക്കാനാണ് ധൃതിപ്പെട്ട് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. അതിനെ പ്രതിപക്ഷം എതിര്‍ക്കും.
ഗവര്‍ണറും സര്‍ക്കാരും ചേര്‍ന്നാണ് എല്ലാ നിയമനങ്ങളും നടത്തിയതെന്നും വി.ഡി സതീശന് ആരോപിച്ചു. സുപ്രീം കോടതിയില്‍ തോറ്റത് ഗവര്‍ണറും സര്‍ക്കാരുമാണ്. പ്രതിപക്ഷം ഉന്നയിച്ച അതേ കാര്യങ്ങളാണ് സുപ്രീം കോടതിയും വ്യക്തമാക്കിയതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു