കാസര്‍കോട്:ആഗോള സമൂഹവുമായി സംവദിക്കാനാവുംവിധമുള്ള പരിശീലനങ്ങള്‍ നല്‍കുമ്പോഴും പുതുതലമുറയെ മാതൃഭാഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്തണമെന്ന് തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ മലയാള ദിനം ഭരണഭാഷാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ഭരണഭാഷ പൂര്‍ണ്ണമായി മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് സര്‍ക്കാര്‍ വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നുണ്ട്. തര്‍ജ്ജമകളില്‍ ഇതരഭാഷകളുടെ കടന്നുകയറ്റം പ്രബലമാണ്. അതോടൊപ്പം, പ്രാദേശികപദങ്ങളും കടന്നുവരുന്നു. ഇവിടെ മലയാള ഭാഷയുടെ അത്യന്താപേക്ഷികത നാം തിരിച്ചറിയുന്നതിലൂടെ മാത്രമേ സംവദിക്കുന്നതും ഗ്രഹിക്കുന്നതുമായ ആശയം ഒന്നുതന്നെയാകൂ.
ക്ലാസ്സ് മുറികളിലും കോടതികളിലും ഓഫീസുകളിലുമെല്ലാം മലയാളത്തിന് പ്രാമുഖ്യം നല്‍കണം.
മാതൃഭാഷക്ക് മലയാളികള്‍ നല്‍കിവരുന്ന പരിഗണന ആശങ്കാജനകമാണ് എന്ന് പറയാതെ വയ്യ. മക്കള്‍ക്ക് മലയാളം വായിക്കുവാനും എഴുതാനും അറിയില്ല എന്ന് അഭിമാനത്തോടെ പറയുന്ന മാതാപിതാക്കളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. മലയാളത്തിന്റെ ശ്രേഷ്ഠ പദവിയും ഭരണ ഭാഷ മലയാളമാക്കാനുള്ള തീരുമാനവും ഒക്കെ പ്രതീക്ഷ പകരുമ്പോഴും പുതിയ തലമുറ മാതൃഭാഷക്ക് നേരെ പുറം തിരിയുന്ന കാഴ്ച വേദനാജനകമാണെന്നും മന്ത്രി പറഞ്ഞു.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
കവി രാധാകൃഷ്ണന്‍ പെരുമ്പള, കന്നഡ, തുളു എഴുത്തുകാരി രാജശ്രീ ടി.റായി പെര്‍ള എന്നിവരെ മന്ത്രി ആദരിച്ചു. കവി പ്രസാദ് കരുവളം, മാധ്യമപ്രവര്‍ത്തകന്‍ കെ.ഗംഗാധര എന്നിവര്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. എ.ഡി.എം എ.കെ.രമേന്ദ്രന്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള കേന്ദ്രസര്‍വകലാശാല മലയാള വിഭാഗത്തിലെ ഡോ.ആര്‍.ചന്ദ്രബോസ് മുഖ്യപ്രഭാഷണം നടത്തി. അസി.കളക്ടര്‍ ഡോ.മിഥുന്‍ പ്രേംരാജ്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ ) എസ്.ശശിധരന്‍ പിള്ള എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ നന്ദിയും പറഞ്ഞു.