കോഴിക്കോട്: കുറ്റിക്കൂട്ടൂരില് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുടെ പേരില്‍ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ കൂട്ടുപ്രതികള്‍ക്കായി തെരച്ചില്‍. കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം സ്വദേശി ഇര്‍ഷാദുല്‍ ഹാരിസ്(34) ആണ് മര്‍ദനമേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. ഇയാളെ വീട്ടില്‍ നിന്ന് ആറംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ നല്ലളം സ്വദേശി നിഖില്നൈനാഫ്(22), എളേറ്റില്‍ വട്ടോളി സ്വദേശികളായ മുഹമ്മദ് അനസ്(26), മുഹമ്മദ് ഷാമില്‍(19), പുതിയപാലം സ്വദേശി ഷംസീര്‍(23) എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ രാത്രിയാണ് ഇര്‍ഷാദുല്‍ ഹാരിസിനെ തട്ടിക്കൊണ്ടുപോയത്. സംഭവം കണ്ട ബന്ധുക്കളും നാട്ടുകാരും പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ആരാമ്പ്രം ചക്കാലല് സ്കൂളിന് പിന്നിലുള്ള കുന്നിന്റെ മുകളിലേക്ക് വാഹനത്തില്‍ എത്തിയതായി വിവരം ലഭിച്ചും. പൊലീസ് പ്രദേശം വളഞ്ഞാണ് സംഘത്തെ പിടികൂടിയത്. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. അവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
കസ്റ്റഡിയിലായവരെ ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.