കോഴിക്കോട്: ഈജിപ്തിലെ ഷാം-എല്‍-ഷൈഖില്‍ നവംബര്‍ 6 മുതല്‍ 18 വരെ നടക്കുന്ന യുഎന്‍ കാലാവസ്ഥാ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഹരിതഗൃഹ വാതക പുറന്തള്ളല്‍ വെട്ടിക്കുറയ്ക്കാനും കുറഞ്ഞ കാര്‍ബണ്‍ സമ്പദ്വ്യവസ്ഥയിലേക്ക് മാറാനും സര്‍ക്കാരുകളെ പ്രേരിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള സിവില്‍ സൊസൈറ്റി സംഘടനകള്‍ നവമ്പര്‍ 12 ന് കാലാവസ്ഥാ ദുരന്തത്തെക്കുറിച്ചുള്ള ‘ഗ്ലോബല്‍ ആക്ഷന്‍ ഡേ’ ആചരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.
നവമ്പര്‍ 12ന് സാര്‍വ്വദേശീയമായി നടക്കുന്ന ഈ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ കേരളത്തിലെ മുഴുവന്‍ സംഘടനകളോടും സൗത്ത് ഏഷ്യന്‍ പീപ്പ്ള്‍സ് ആക്ഷന്‍ ഓണ്‍ ക്ലൈമറ്റ് ക്രൈസിസ് ദേശീയ സമ്മേളനം സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു.
വിദ്യാര്‍ത്ഥി സമൂഹം, പരിസ്ഥിതി -ജനകീയ ശാസ്ത്ര സംഘടനകള്‍, സമര പ്രസ്ഥാനങ്ങള്‍ തുടങ്ങി എല്ലാ സിവില്‍ സൊസൈറ്റി സംഘടനകളും അവരവരുടെ പ്രദേശങ്ങളില്‍, ‘ ക്ലൈമറ്റ് വാക്ക് ‘, ‘ക്ലൈമറ്റ് കഫേ’, ‘പ്രതിഷേധ റാലി’, ‘പൊതുയോഗം’, ‘സര്‍ഗ്ഗാത്മക പ്രതിഷേധ പരിപാടികള്‍’ എന്നിവ സംഘടിപ്പിച്ച് ഈ ആഗോള പ്രതിഷേധത്തില്‍ അണിചേരണമെന്നാണ് അഭ്യര്‍ഥന.
ദേശീയ സമ്മേളനം സംഘാടക സമിതിക്ക് വേണ്ടി കല്പറ്റ നാരായണന്‍, ഡോ.കെ.ജി. താര, സി.ആര്‍.നീലകണ്ഠന്‍, ഡോ. ആ സാദ്, പ്രൊഫ. കുസുമം ജോസഫ്, എന്‍.പി.ചേക്കുട്ടി, കെ.എസ്. ഹരിഹരന്‍, എസ്.പി.രവി, അംബിക, എന്‍.സുബ്രഹ്‌മണ്യന്‍, കെ.പി.പ്രകാശന്‍, വിജയരാഘവന്‍ ചേലിയ, പി.ടി.ജോണ്‍, ടി.വി.രാജന്‍, ഡോ. സ്മിത പി കുമാര്‍, വി.പി.റജീന, അശോകന്‍ നമ്പഴിക്കാട്, അജിതന്‍ കെ.ആര്‍., എം.സുള്‍ഫത്ത്, തല്‍ഹത്ത് വെള്ളയില്‍, അക്ഷയ് കുമാര്‍, കെ.സഹദേവന്‍ എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചു.