പേരാമ്പ്ര : നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാളൂർ പ്രദേശത്തെ റോഡുകളുടെ കാര്യത്തിൽ ഭരണസമിതി കാണിക്കുന്ന അവഗണന സത്യപ്രതിജ്ഞ ലംഘനമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി. പി. എ. അസീസ്. റോഡുകളുടെ പണി പൂർത്തീകരിക്കാൻ അനുവദിക്കാതെയും തുക ചെലവഴിക്കാതെയും വാളൂർ പ്രദേശത്തെ ജനങ്ങളെ ഇടത് ഭരണസമിതി ബുദ്ധിമുട്ടിക്കുകയാണെന്ന് പ്രതിഷേധ സായാഹ്‌ന ധർണ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പുകാലത്ത് റോഡ് വാഗ്ദാനം നൽകി വിജയിച്ച ഇടതു മെമ്പർമാർ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു രാജിവെക്കാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കരിമ്പാകുന്ന് കായണ്ണറോഡ്, തറോൽ ചെക്യോട്ട് കിഴക്കയിൽ മീത്തൽ കനാൽ റോഡ്, പാലയാട്ട് മുക്ക് പുതിയെടുത്ത് താഴെ റോഡ് തുടങ്ങിയവ ഗതാഗത യോഗ്യമാക്കുക എന്ന ആവശ്യങ്ങളുന്നയിച്ചാണ് വാളൂര് മേഖല വികസന അവഗണനക്കെതിരെ മുസ്‌ലിം ലീഗ് പ്രതിഷേധ ധർണ നടത്തിയത്.
കെ. അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആർ. കെ. മുനീർ, ടി. പി. നാസർ, പി. സി. മുഹമ്മദ് സിറാജ്, കെ. കെ. മൗലവി, എം. ടി. നൗഫൽ, സി. മജീദ്, കെ. പി. അബ്ദുല്ല, കെ. പി. നിഷാൽ, ടി. പി. അനസ്, എം. സി. സജീർ, പി. എം. ബീരാൻകോയ, എ. വി. സക്കീന, വി. ബീരാൻ മാസ്റ്റർ പ്രസംഗിച്ചു.