കോഴിക്കോട്: വീടുകളില്‍നിന്നും മറ്റും മാലിന്യം ശേഖരിക്കുന്നതിന് ഗൂഡ്സ് ഓട്ടോറിക്ഷ വാങ്ങി കടക്കെണിയിലായ കുടുംബശ്രീ പ്രവര്‍ത്തകരെ സഹായിക്കാന്കോര്പറേഷന് രംഗത്ത്. ഗൂഡ്സ് ഓട്ടോകള്‍ വാങ്ങിയ കുടുംബശ്രീ അംഗങ്ങള്‍ തിരിച്ചടവ് മുടങ്ങിയതോടെ പ്രയാസത്തിലാണ്. വിവിധ ബാങ്കുകളില്‍ കോടികണക്കിന് രൂപയാണ് അടയ്ക്കാനുള്ളത്. കുടിശ്ശിക കോര്പറേഷന് ഏറ്റെടുക്കാനാണ് തീരുമാനം. രണ്ടു കോടിയിലേറെയുള്ള കുടിശ്ശിക 20 ലക്ഷം അടച്ച് തീര്‍പ്പാക്കാന്‍ എസ്.ബി.ഐ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും രണ്ട് കോടിയിലേറെ വരുന്ന കുടിശ്ശിക 23 ലക്ഷമാക്കി കുറയ്ക്കാന്‍ സമ്മതിച്ചു. ഇത്രയും തുക കോര്‍പറേഷന്റെ പൊതുഫണ്ടില്‍ നിന്ന് അടയ്ക്കും. 2003-04 സാമ്പത്തിക വര്‍ഷത്തിലാണ് കുടുംബശ്രീ യൂണിറ്റുകള്‍ ഗൂഡ്സ് ഓട്ടോകള്‍ വാങ്ങിയത്. രണ്ടര ലക്ഷം രൂപയായിരുന്നു ഒരു വാഹനത്തിനായി വായ്പ എടുത്തിരുന്നത്. വാഹനങ്ങള്‍ കേടാവുകയും സ്പെയര്‍ പാര്‍ട്സുകള്‍ കിട്ടാതെ വരികയും ചെയ്തപ്പോള്‍ തിരിച്ചടവ് മുടങ്ങി. ഇതോടെ കടബാധ്യത വര്‍ധിച്ചു. കുടിശ്ശിക എഴുതിതള്ളാന്‍ കോര്പറേഷന് സര്‍ക്കാറിന് എഴുതിയെങ്കിലും തീരുമാനമായില്ല. ഏതായാലും ബാങ്കുകള്‍ തുക കുറച്ചതോടെ ബാക്കി അടയ്ക്കാന്‍ കോര്പറേഷന് തീരുമാനിക്കുകയായിരുന്നു. കോര്പറേഷന് ക്ഷേമകാര്യസമിതിയും കൗണ്‍സിലും ഇതിന് അംഗീകാരം നല്കി.