കാസര്‍കോട്:മുളിയാര്‍ വില്ലേജ് ഓഫീസ് ജീവനക്കാലനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഫീല്‍ഡ് അസിസ്റ്റന്റ് കെ.രാഘവനാണ് അറസ്റ്റിലായത്. മുളിയാറിലെ എം. അശ്റഫ് നല്കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. അശ്റഫ് തന്റെ പിതാവിന്റെ പേരിലുള്ള മുളിയാര്‍ വില്ലേജില്‍പെട്ട അഞ്ചര സെന്റ് സ്ഥലത്തിന്റെ നികുതി അടക്കുന്നതിന് കഴിഞ്ഞ ഫെബ്രുവരിയില്‍ വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പിച്ചിരുന്നു.
അന്ന് അശ്റഫിനോട് വസ്തുവിന്റെ നികുതി നാല് കൊല്ലം മുമ്പാണ് അടച്ചതെന്നും അതിനാല്‍ വസ്തുവിന്റെ അസല്‍ രേഖകളും 30 വര്‍ഷത്തെ ബാധ്യത സര്ടിഫികറ്റ്, സ്കെച് എന്നിവയുമായി എത്താനും വിലേജ് ഓഫീസര്‍ ആവശ്യപ്പെട്ടു. എല്ലാ രേഖകളുമായി പല തവണ പരാതിക്കാരന് വില്ലേജ് ഓഫീസില്‍ പോയിട്ടും നികുതി അടച്ച് നല്‍കിയില്ല. ഈ മാസം 15ന് വീണ്ടും ഓഫീസിലെത്തിയപ്പോള്‍ അപേക്ഷ കാണാനില്ലെന്നും ഒന്നുകൂടി എഴുതിത്തരണമെന്നും ആവശ്യപ്പെട്ടു. ഇതനനുസരിച്ച് വീണ്ടും ഓഫീസിലെത്തിയ പരാതിക്കാരനോട് അപേക്ഷ മാത്രം പോര,കൈക്കൂലിയായി 5000 രൂപ കൂടി വേണമെന്ന് ഫീല്‍ഡ് അസി.രാഘവന് ആവശ്യപ്പെട്ടുവെന്നാണ് പരാതി.
അത്രയും രൂപ നല്‍കാനില്ലെന്നും തുക കുറക്കണമെന്നും അപേക്ഷിച്ചതിനെ തുടര്‍ന്ന് രാഘവന് തുക 2500 ആയി കുറച്ച് നല്‍കിയതായി പരാതിയില്‍ പറഞ്ഞു. അശ്റഫ് ഈ വിവരം കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം നീങ്ങിയ വിജിലന്‍സ് വില്ലേജ് ഓഫീസിനടുത്ത് നിന്ന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ രാഘവനെ കൈയോടെ പിടികൂടുകയായിരുന്നു.