ന്യൂഡല്‍ഹി: ഒരു വര്‍ഷം നീണ്ട കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കി. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുരുനാക്ക് ദിനമായ ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നിര്‍ണായകമായ പ്രഖ്യാപനം നടത്തിയത്. കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസിലായതായും അവരുടെ അഭിവൃദ്ധിക്കുവേണ്ടിയാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും മോദി പറഞ്ഞു. കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ് നിയമങ്ങള്‍ കൊണ്ടു വന്നത്. നിയമത്തിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമം നടത്തി. എന്നാല്‍ ചിലര്‍ക്ക് അത് മനസിലായില്ല. അവരെ കൂടി ഉള്‍ക്കൊള്ളുന്നതിനാണ് നിയമങ്ങള്‍ പിന്‍വലിക്കുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയുന്ന ആളാണ് താനെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തോട് ക്ഷമ ചോദിക്കുന്നതായും സമരം നടത്തുന്ന കര്‍ഷകര്‍ മടങ്ങിപ്പോകണമെന്നും പറഞ്ഞു. കര്‍ഷകര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന് അര്‍ഹമായ ഫലം ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമീണ അടിസ്ഥാന സൗകര്യ വിപണി ഞങ്ങള്‍ ശക്തിപ്പെടുത്തി. എം.എസ്.പി വര്‍ധിപ്പിക്കുക മാത്രമല്ല സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. താങ്ങുവിലയടക്കം പരിശോധിക്കാന്‍ പ്രത്യേക സമിതി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കര്‍ഷക സമരം ശക്തിപ്രാപിക്കുന്നതും ആസന്നമായ പഞ്ചാബ്, ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞടുപ്പു സാഹചര്യവുമാണ് വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്.
2020 സെപ്തംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടെയാണ് നിയമം പാസാക്കിയത്. നിയമങ്ങള്‍ കര്‍ഷക താല്പര്യം ഹനിക്കുമെന്ന് ചൂണ്ടിക്കാട്ടി വിവിധ കര്‍ഷക സംഘടനകള്‍ അന്നുമുതല്‍ രാജ്യവ്യാപകമായി സമരരംഗത്തായിരുന്നു. ഒരു വര്‍ഷമായി രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ കേന്ദ്രീകരിച്ച് കര്‍ഷകര്‍ ഉപരോധ സമരം നടത്തി. സമരത്തിനിടെ ഒട്ടേറെ കര്‍ഷകര്‍ക്ക് ജീവന് നഷ്ടമായി. അന്താരാഷ്ട്ര തലത്തില്‍ പോലും കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടുകള്‍ രൂപപ്പെട്ടതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലായി. ഇതിനിടെ സമരത്തെ തള്ളിറയാനും ആക്രമിക്കാനും കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍ രംഗത്തെത്തി. വിവാദ നിയമം പുന:പരിശോധിക്കാന്‍ സുപ്രിം കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചെങ്കിലും കര്‍ഷക സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്മാറിയില്ല. ഒടുവില്‍ കര്‍ഷകരുടെ നിശ്ചദാര്‍ഢ്യത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയറവ് പറയുകയാണ്.