കോഴിക്കോട്: പണമിടപാടിന്റെ പേരില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ മുഹമ്മദ് അഷ്റഫ്(55) മോചിതനായി തിരിച്ചെത്തിയെങ്കിലും നടുക്കം മാറിയിട്ടില്ല. ജീവന്‍ അപകടത്തിലാണെന്ന് വ്യക്തമായ മണിക്കൂറുകളാണ് പിന്നിട്ടതെന്ന് തച്ചംപൊയില്‍ സ്വദേശി മുഹമ്മദ് അഷ്റഫ് പൊലീസിനോട് പറഞ്ഞു. രാത്രി കടയടച്ച് വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുമ്പോഴായിരുന്നു ആക്രമണം.
കാറില്‍ എത്തിയ സംഘം സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ബലമായി കാറില്‍ കയറ്റുകയായിരുന്നു. ഒരാള്‍ കഴുത്തില്‍ നാട മുറുക്കി. അതുകാരണം കഴുത്തില്‍ മുറിവുണ്ടായി. തട്ടിക്കൊണ്ടുപോയി കൊല്ലം ഭാഗത്തേക്കാണ് കൊണ്ടുപോയത്. ഹെല്‍മറ്റ് ധരിപ്പിച്ച്, കണ്ണ് കെട്ടിയായിരുന്നു യാത്ര. ചൊവ്വാഴ്ച രാവിലെ പലയിടങ്ങളിലായി കാറില്‍ കൊണ്ടുപോയി. പിന്നീട് ഏതോ പോക്കറ്റ് റോഡില്‍ ഉപേക്ഷിച്ചു. 1400 രൂപ വണ്ടിക്കൂലിക്കായി നല്‍കിയിരുന്നു. ഓട്ടോ പിടിച്ച് ആറ്റിങ്ങലിനടുത്ത് കല്ലമ്പലത്ത് എത്തി. അവിടെ നിന്നാണ് നാട്ടിലേക്ക് ബസ് കിട്ടിയത്. മുഹമ്മദ് അഷ്റഫ് പറഞ്ഞു.
എന്തിനാണ് തന്നെ തട്ടിക്കൊണ്ടുപോയത് എന്ന ചോദ്യത്തിന് സംഘം മറുപടി പറഞ്ഞില്ലെന്നും അഷ്റഫ് വ്യക്തമാക്കി.