കോഴിക്കോട് :കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ലക്ഷം വീട് കോളനിയുടെ മുഖഛായ മാറുന്നു. ഗ്രാമ പഞ്ചായത്ത് ഭരണസമിതി തുടക്കമിട്ട കോളനികളുടെ സമഗ്ര നവീകരണ പ്രവര്‍ത്തികളുടെ ഭാഗമായി കാരക്കുറ്റി ലക്ഷം വീട് കോളനിയില്‍ ആരംഭിച്ച പ്രവര്‍ത്തികള്‍ അന്തിമ ഘട്ടത്തിലെത്തി. 14 വീടുകളുള്ള രണ്ടാം വാര്‍ഡിലെ കാരക്കുറ്റി ലക്ഷം വീട് കോളനിയാണ് ആദ്യഘട്ട നവീകരണ പ്രവൃത്തിക്കായി പഞ്ചായത്ത് തിരഞ്ഞെടുത്തത്.
വീട് റിപ്പയറിംഗ്, പ്ലാസ്റ്ററിംഗ്, പെയിന്റിംഗ്, ചുറ്റുമതില്‍ നിര്‍മ്മാണം, ഗേറ്റ് സ്ഥാപിക്കല്‍, സൗന്ദര്യവല്‍ക്കരണം, ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുന്ന വിവിധ പദ്ധതികള്‍ തുടങ്ങിയവയാണ് കോളനിയില്‍ നടപ്പാക്കുന്നത്. ഇതില്‍ മിക്ക പ്രവര്‍ത്തികളും പൂര്‍ത്തിയായി.
ലക്ഷം വീട് കോളനികളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അവരുടെ ആരോഗ്യം ശുചിത്വം, വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തി അതിനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയാരംഭിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു.
ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ച് സൗന്ദര്യവല്‍ക്കരണ പ്രവൃത്തിയും പൂര്‍ത്തീകരിച്ച് കോളനികളുടെ പേരു കൂടി മാറ്റി കോളനികളെ പുതിയ രൂപത്തില്‍ അവതരിപ്പിക്കാനാണ് ഭരണസമിതിയുടെ ശ്രമം. ഗ്രാമ പഞ്ചായത്ത് ഫണ്ടും പൊതുജനങ്ങളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തിയ പ്രവര്‍ത്തിക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം ഉപയോഗപ്പെടുത്തിയാണ് കോളനികള്‍ നവീകരിക്കുന്നത്.