കോഴിക്കോട്: വെസ്റ്റ് ബംഗാള്‍ സ്വദേശിയില്‍ നിന്നും സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ വീണ്ടും ഒരാള്‍കൂടി പിടിയിലായി. ചേളന്നൂര്‍ സ്വദേശി ഹനുരാജ്(53) ആണ് സിറ്റി ക്രൈം സ്‌ക്വാഡിന്റെ പിടിയിലായത്. ഒളിച്ചു താമസിക്കുന്നതിനിടെ മൂന്നാറില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. കസബ പോലീസ് ഇസ്‌പെക്ടര്‍ എന്‍.പ്രജീഷിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
സെപ്തംബര്‍ 20ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.ബംഗാള്‍ വര്‍ധമാന്‍ സ്വദേശിയായ റംസാന്‍ അലി,ലിങ്ക് റോഡിലുള്ള സ്വര്‍ണ്ണ ഉരുക്ക് ശാലയില്‍ നിന്നും മാങ്കാവിലേക്ക് ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന 1.200 കിലോഗ്രാം സ്വര്‍ണ്ണം നാലു ബൈക്കിലെത്തിയ എട്ടു പേര്‍ ചേര്‍ന്ന് കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് അക്രമിച്ച് കവര്‍ന്നെടുക്കുകയായിരുന്നു.
ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസന്വേഷണം നടത്തി വരികയായിരുന്നു.
കവര്‍ച്ച നടത്തുമ്പോള്‍ ഇവര്‍ക്ക് വേണ്ട സിം കാര്‍ഡുകള്‍ എടുത്ത് നല്‍കി സഹായിച്ച മൂട്ടോളി സ്വദേശി ലത്തീഷിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്തതില്‍ നിന്നും പ്രതികളിലേക്ക് എത്തിചേരുകയുമായിരുന്നു.
സ്വര്‍ണ കവര്‍ച്ച നടത്തിയ ക്വട്ടേഷന്‍ സംഘത്തെ അറസ്റ്റ് ചെയ്തതില്‍ നിന്നും ലഭിച്ച വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഘത്തിലുള്‍പ്പെട്ട മുഖ്യ പ്രതികള്‍ക്കായി പോലീസ് ആസൂത്രിതമായ നീക്കങ്ങള്‍ നടത്തിവരികയായിരുന്നു. ഇതിനിടെ കര്‍ണ്ണാടകയിലെ രഹസ്യതാവളത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു കവര്‍ച്ചയുടെ മുഖ്യ സൂത്രധാരനായ ഹനുരാജ്.
വിവിധ പേരുകളില്‍ വിവിധ സ്ഥലങ്ങളില്‍ ഒളിച്ചു താമസിച്ചതിനാല്‍ പ്രതിയെ കണ്ടെത്തുക പ്രയാസമായിരുന്നു. വളരെ അത്യാവശ്യത്തിനുമാത്രമാണ് ഫോണ്‍ ഉപയോഗിച്ചിരുന്നത്. ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവരെ ഒന്നൊന്നായി സിറ്റി ക്രൈം സ്‌ക്വാഡ് കസബ ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷിന്റെ നേതൃത്വത്തില്‍ പിടികൂടാന്‍ തുടങ്ങിയതോടെ നാട്ടിലേക്ക് വരുന്നത് ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയും വേഷവിധാനത്തില്‍ മാറ്റം വരുത്തിയുമായിരുന്നു. കര്‍ണാടകയില്‍ സിറ്റി ക്രൈം സ്‌ക്വാഡ് തിരച്ചില്‍ ഊര്‍ജിതമാക്കിയതോടെ പ്രതി സംസ്ഥാനത്തെ മലയോര അതിര്‍ത്തി ജില്ലയിലേക്ക് ഒളിച്ചു കടക്കുകയായിരുന്നു. മൂന്നാറിന് സമീപത്തെ ശാന്തന്‍ പാറയില്‍ ഹനുരാജിനോട് രൂപസാദൃശ്യമുള്ള ഒരാള്‍ കുറച്ചു നാളുകളായി താമസമുണ്ടെന്നുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് സബ്ബ് ഇന്‍സ്‌പെക്ടര്‍ എസ്.അഭിലാഷിന്റെ നേതൃത്വത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡ് മൂന്നാറിലെത്തി നടത്തിയ തിരച്ചിലില്‍ പ്രതിയെ പിടികൂടുകയായിരുന്നു.
സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു,എ പ്രശാന്ത് കുമാര്‍, സി.കെ സുജിത്ത്, കെ.കെ.ശ്രീജിത്ത് എന്നിവരാണ്
അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.