ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സ്ഥാനമേറ്റു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന പ്രൗഢമാര്‍ന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ സംബന്ധിച്ചു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
24 വര്‍ഷത്തിനുശേഷമാണ് ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തുനിന്നുള്ള ഒരാള്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയില്‍ എത്തുന്നത്. രണ്ടു ഘട്ടങ്ങളിലായി 22 വര്‍ഷം കോണ്‍ഗ്രസിനെ നയിച്ച സോണിയാ ഗാന്ധി പടിയിറങ്ങി. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്. കര്‍ണാടക സ്വദേശിയാണ്. ഇത്തവണത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നു എന്നത്് തന്നെ പാര്‍ട്ടിക്കുള്ളിലും പുറത്തും ഒരുപോലെ കൗതുകമുണര്‍ത്തിയിരുന്നു.പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ശശി തരൂര്‍ രംഗത്തെത്തിയത് സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരുന്നത്.സംസ്ഥാന നേതാക്കളാരും പിന്തുണയ്ക്കുന്നില്ലെന്ന ശശി തരൂരിന്റെ വാദവും അണികള്‍ക്കുള്ളിലും പുറത്തും ചര്‍ച്ചാവിഷയമായിരുന്നു.പാര്‍ട്ടിയിലെ യുവനിരകള്‍ ശശി തരൂരിനൊപ്പമായിരുന്നെങ്കിലും ഖാര്‍ഗെയുടെ പ്രവര്‍ത്തി പരിചയവും അനുഭവസമ്പത്തും അദ്ദേഹത്തെ ഏഴായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് മുന്നിലെത്തിച്ചു.അധ്യക്ഷപദവിയില്‍ അദ്ദേഹത്തെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ ഏറെയാണ്.ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമ സഭാ തിരഞ്ഞെടുപ്പ് തുടങ്ങിയ രാഷ്ട്രീയ വിഷയങ്ങളോടൊപ്പം തന്നെ 2024 വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ചുമതലയും പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കാത്തിരിക്കുന്നുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ ശേഷം പതിനൊന്നരയ്ക്ക് ചേരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ഖാര്‍ഗെ നേതൃത്വം നല്‍കും.