Wednesday, June 18, 2025

കുഞ്ഞബ്ദുല്ലയുടെ വിയോഗം: അസ്തമിച്ചത് ചീക്കോന്നിന്റെ ആതിഥ്യപ്പെരുമ

Must Read

വാണിമേല്‍:കണ്ണങ്കണ്ടി ബിസിനസ് ഗ്രൂപ്പിലൂടെ പുകള്‍പെറ്റ ചീക്കോന്ന് ഗ്രാമത്തിന് കീര്‍ത്തി പകര്‍ന്ന ആതിഥേയന്‍ ഇനി ഓര്‍മ്മ.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കോഴിക്കോട് നഗരത്തിലെത്തുന്ന പൊതുപ്രവര്‍ത്തകരെ ആദരവോടെ വരവേറ്റ് സൗജന്യ ഭക്ഷണ, താമസ സൗകര്യം ഒരുക്കിയിരുന്നു ചൊവ്വാഴ്ച വിടപറഞ്ഞ മാവൂര്‍ റോഡിലെ വെസ്റ്റേണ്‍ ടൂറിസ്റ്റ് ഹോം ഉടമ തൈക്കണ്ടി കുഞ്ഞബ്ദുല്ല. അദ്ദേഹത്തിന്റെയും സഹോദരന്‍ പരേതനായ അഹമ്മദിന്റെയും ആതിഥ്യമര്യാദ അനുഭവിച്ചവരില്‍ വിവിധ പാര്‍ട്ടികളിലെ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ സംസ്ഥാന, ദേശീയ രാഷ്ട്രീയങ്ങളില്‍ നിറഞ്ഞുനിന്ന മന്ത്രിമാരും എം.പി.മാരും എം.എല്‍.എ.മാരും ഉണ്ട്.

വിവിധ പാര്‍ട്ടിനേതാക്കള്‍, പ്രവര്‍ത്തകര്‍,മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം, ദേവഗിരി കോളേജിലെ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്.മാധ്യമം ഡെപ്യൂട്ടി എഡിറ്ററായിരുന്ന കെ.ബാബുരാജ്, മലയാള മനോരമയില്‍ നിന്ന് വിരമിച്ച പി.ദാമോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഇടം നേടിയ പത്രപ്രവര്‍ത്തകരാണ്.
വണ്ടിക്കൂലിക്ക് കാശില്ലാതെയും മാറ്റിയുടുക്കാന്‍ വസ്ത്രമില്ലാതെയും ഒരുകാലം നഗരത്തിലെത്തിയിരുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഭക്ഷണവും താമസസൗകര്യവും യാത്രച്ചെലവിന് പണവും നല്‍കിയാണ് അദ്ദേഹം സ്വീകരിച്ചത്. മാവൂര്‍ റോഡ് ഇന്ദിരാഗാന്ധി റോഡായി വികസിക്കും മുമ്പ് പാതയോരത്ത് പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് ഓഫീസില്‍ എത്തിയവരായിരുന്നു ഏറെയും ആശ്രയിച്ചത്.

മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍, മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍,മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍മന്ത്രി പി. ശങ്കരന്‍, പി.എം. സുരേഷ് ബാബു തുടങ്ങിയവരുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം 1978-ലെ കോണ്‍ഗ്രസ് പിളര്‍പ്പിനെത്തുടര്‍ന്ന് ഇന്ദിരാഗാന്ധിക്കും കെ. കരുണാകരനുമൊപ്പം ഉറച്ചുനിന്നു. ഐ വിഭാഗത്തില്‍പ്പെട്ട നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്ന് അഭയകേന്ദ്രംതന്നെയായിരുന്നു വെസ്റ്റേണ്‍ ടൂറിസ്റ്റ് ഹോം.

നിര്യാണം അറിഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, വി.എം. ചന്ദ്രന്‍, പ്രമോദ് കക്കട്ടില്‍ തുടങ്ങി ഒട്ടേറെപ്പേര്‍ വീട്ടിലെത്തി. എം.പി.മാരായ കെ. മുരളീധരന്‍, എം.കെ. രാഘവന്‍ എന്നിവര്‍ അനുശോചനമറിയിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img