കോഴിക്കോട്: നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്, സംസ്ഥാന ഐ.ടി മിഷന്റെ സഹകരണത്തോടെ നടത്തുന്ന നീര്ച്ചാല് മാപ്പിങ്-മാപ്പത്തോണ്‍ പദ്ധതിക്ക് കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലില്‍ തുടക്കമായി. പശ്ചിമഘട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 230 പ്രദേശങ്ങളിലെ നീര്ച്ചാല് ശൃംഖല ശാസ്ത്രീയമായി കണ്ടെത്തുകയും വീണ്ടെടുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.ഐ.ടി മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന മാപ്പത്തോണ്‍ പ്രക്രിയയില്‍ ഉള്‍പ്പെടുത്തി ഉപഗ്രഹ ചിത്രങ്ങളുടെയും നേരിട്ടുള്ള സന്ദര്ശങ്ങളുടെയും ഡ്രോണുകളുടെ സഹായത്തോടെയും നീര്ച്ചാല് ശൃംഖല പൂര്‍ണമായി കണ്ടെത്തി മാപ്പ് ചെയ്താണ് പ്രവര്‍ത്തനം നടത്തുന്നത്. ജില്ലയിലെ 14 പഞ്ചായത്തുകളിലാണ് മാപ്പിങ് നടത്തുന്നത്.
കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, കൂരാച്ചുണ്ട്, മരുതോങ്കര, കാവിലുംപാറ, കായക്കൊടി, നരിപ്പറ്റ, വാണിമേല്‍, വളയം, ചെക്യാട് തുടങ്ങിയ പഞ്ചായത്തുകളില്‍ മാപ്പിങ് നടക്കുന്നുണ്ട്. നീര്ച്ചാല് കണ്ടെത്തി മാര്‍ക്ക് ചെയ്യുകയാണ് ആദ്യഘട്ടം. റീ ബില്‍ഡ് കേരളയുടെ സാമ്പത്തിക സഹായവും ഐ.ടി മിഷന്റെ സാങ്കേതിക സഹായവും ഉണ്ടാവും. ഹരിത കേരള മിഷന് ആണ് ഏകോപനം.