ന്യൂഡല്‍ഹി: ക്ഷേത്രങ്ങളുടെ ദൈനംദിന ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഇടപെടാനാകില്ലെന്ന് സുപ്രിം കോടതി. തിരുപ്പതി ക്ഷേത്രത്തിലെ ആചാരങ്ങള്‍ ക്രമപ്രകാരമല്ലെന്ന് ആരോപിച്ചിച്ച് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ ബെഞ്ച് സുപ്രധാനമായ നിരീക്ഷണം നടത്തിയത്.
ഒരു ക്ഷേത്രത്തില്‍ എങ്ങനെ പൂജ നടത്തണം. ഏത് തരത്തില്‍ തേങ്ങ ഉടയ്ക്കണം, എങ്ങനെ ആരതി ഉഴിയണം എന്നീ വിഷയങ്ങളില്‍ ഭരണഘടനാ കോടതികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ല. ക്ഷേത്രങ്ങളിലെ ഭരണപരമായ കാര്യങ്ങളില്‍ ഏതെങ്കിലും വീഴ്ച സംബന്ധിച്ച വിഷയമാണെങ്കില്‍ കോടതികള്‍ക്ക് ഇടപെടാം. ഭരണസമിതിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോടതിയ്ക്ക് കഴിയും. തിരുപ്പതി ക്ഷേത്രവുമായി ബന്ധപ്പെട്ട് ദര്‍ശനം അനുവദിക്കുന്നതില്‍ ക്രമക്കേടോ, വിവേചനമോ സംബന്ധിച്ച് ആക്ഷേപം ഉണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കും. അല്ലാതെ ആചാരപരമായ കാര്യങ്ങള്‍ക്ക് ഭരണഘടനാ കോടതികളെ സമീപിക്കുന്നത് ശരിയല്ല. ആചാരങ്ങള്‍ നേരാംവണ്ണം നടക്കാതെ വന്നാല്‍ സിവില്‍ കേസില്‍ പരാതി പരിഗണിക്കാന്‍ വിചാരണ കോടതിയില്‍ മാത്രമേ സാധിക്കൂവെന്ന് ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് ഹിമ കൊഹ്ലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിക്കാരന് ക്ഷേത്ര ദര്‍ശനത്തില്‍ തടസ്സങ്ങളോ മറ്റ് ക്രമക്കേടുകള്‍ സംബന്ധിച്ചോ പരാതിയുണ്ടെങ്കില്‍ അക്കാര്യം തിരുപ്പതി ദേവസ്വത്തോട് നിര്‍ദേശിക്കാമെന്നും കോടതി വ്യക്തമാക്കി. എട്ടാഴ്ചയ്ക്കകം ഹര്‍ജിക്കാരന്റെ പരാതിയില്‍ ക്ഷേത്രഭരണസമിതി ഒരു പരിഹാരം കാണണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, ആചാരങ്ങള്‍ അണുകിട മാറ്റമില്ലാതെ നന്നായി നടത്തുന്നുണ്ടെന്ന് തിരുപ്പതി ക്ഷേത്ര ഭരണസമിതി കോടതിയെ അറിയിച്ചിരുന്നു. ക്ഷേത്രഭരണസമിതി ആചാരങ്ങള്‍ അണുവിട മാറ്റമില്ലാതെ നന്നായി നടത്തുന്നുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. തിരുപ്പതിയിലെ ആചാരങ്ങള്‍ തെറ്റായ വിധത്തിലാണ് നിര്‍വഹിക്കുന്നതെന്ന് ആരോപിച്ച് വിശ്വാസിയായ ശ്രീവരി ദാദ എന്നയാള്‍ നല്‍കിയ ഹര്‍ജി നേരത്തെ ആന്ധ്രാ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്.