കോഴിക്കോട് :പെരുവയല്‍ ഗ്രാമപഞ്ചായത്തിനെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും ചാത്തമംഗലം, പെരുമണ്ണ, കുന്ദമംഗലം, ഒളവണ്ണ ഗ്രാമപഞ്ചായത്തുകളെ നേരത്തേ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതാത് പ്രദേശത്തിന് അനുയോജ്യമായ തെങ്ങുകൃഷി പരിപാലത്തിനുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എം.എല്‍.എ പറഞ്ഞു.
രോഗം ബാധിച്ചതും കായ്ഫലം കുറഞ്ഞതും പ്രായാധിക്യമുള്ളതുമായ തെങ്ങുകള്‍ മുറിച്ചുമാറ്റി പകരം ഗുണമേന്മയുള്ള തെങ്ങിന്‍തൈകള്‍ വെച്ചുപിടിപ്പിക്കുക, സബ്‌സിഡി നിരക്കില്‍ കുമ്മായം, ജൈവവളം, രാസവളം, കീടനാശിനി എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിന് തെങ്ങിന്‍ തോപ്പുകളില്‍ കിണര്‍, പമ്പ്‌സെറ്റ്, സൂഷ്മ ജലസേചനം, മഴവെള്ള സംഭരണം, ജൈവവള നിര്‍മ്മാണത്തിന് കമ്പോസ്റ്റ് യൂണിറ്റുകള്‍, തെങ്ങുകയറ്റ യന്ത്രങ്ങള്‍ എന്നിവ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുക എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
ഇടവിള കൃഷി പ്രോത്സാഹിപ്പിച്ച് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, കേരസമിതികള്‍ക്ക് ധനസഹായം, കൃഷിഭവനുള്ള പ്രവര്‍ത്തന ഫണ്ട് തുടങ്ങിയവയും പദ്ധതിയിലൂടെ നടപ്പാക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങളാണ്.