തിരുവനന്തപുരം: യുക്രൈന്‍ യുദ്ധം കാരണം പഠനം തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനവും നിലച്ചു. യുക്രൈനില്‍ വീണ്ടും റഷ്യ ഷെല്ലാക്രമണം തുടങ്ങിയ പശ്ചാത്തലത്തിലാണ് യൂണിവേഴ്സിറ്റികള്‍ ഓണ്‍ലൈന്‍ ക്ലാസ് നിര്‍ത്തിയത്. വൈദ്യുതിയും ഇന്റര്‍നെറ്റും തടസ്സപ്പെട്ടതോടെ ക്ലാസുകള്‍ നിര്‍ത്തുകയായിരുന്നു.
തിങ്കളാഴ്ച ഇന്ത്യന്‍സമയം ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് ഷെല്ലാക്രമണം ഉണ്ടായത്. കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സ്ഥലത്താണ് ആക്രമണം ഉണ്ടായത്. യുദ്ധത്തിന് ശമനം വന്നപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ യുക്രൈനിലേക്ക് തിരിച്ചുപോയിരുന്നു. പഠനം പൂര്‍ത്തിയായ പലരും ഹൗസ് സര്‍ജ്ജന്‍സിക്കായി മറ്റു വിദേശരാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളെ ആശ്രയിക്കുന്നുണ്ട്. ഇവര്‍ക്ക് ആവശ്യമായ രേഖകള്‍ യുക്രൈനിലെ യൂണിവേഴ്സിറ്റികള്‍ നല്‍കുകയും ചെയ്തു. എന്നാല്‍, ഒന്നും രണ്ടും വര്‍ഷം മാത്രം പിന്നിട്ടവര്‍ക്ക് പഠനം പ്രതിസന്ധി തന്നെയാണ്. അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസും ഓഫ്ലൈന്‍ ക്ലാസും തുടരാനാവാത്ത സ്ഥിതിയാണ്.
മറ്റു രാജ്യങ്ങളില്‍ പഠനം തുടരുന്നതിന് അക്കാദമിക് മൊബിലിറ്റി പ്രോഗ്രാമിന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് പ്രായോഗികമല്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. യുക്രൈനിലെ യൂണിവേഴ്സിറ്റികളാണ് അനുമതി നല്‍കേണ്ടത്. അത് ഇതുവരെ ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ യുക്രൈനിലെ ഒരു യൂണിവേഴ്സിറ്റിയും അംഗീകാരം നല്‍കിയിട്ടില്ല. പുതിയ സെമസ്റ്ററിന് ഫീസ് അടയ്ക്കാന്‍ പല യൂണിവേഴ്സിറ്റികളും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പഠനം തുടരുന്ന കാര്യത്തില്‍ ആശങ്കയുളളതിനാല്‍ വിദ്യാര്‍ത്ഥികള്‍ അതിന് തയാറായിട്ടില്ല.