എലത്തൂര്‍: ബിവറേജ് അവധി ദിവസങ്ങളില്‍ അനധികൃത മദ്യക്കച്ചവടം നടത്തിയയാളെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എ.ശ്രീനിവാസ് ഐപിഎസ് ന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി. എലത്തൂര്‍ സ്വദേശി ആശാരിപ്പുരക്കല്‍ ഷിനോജ് (50)ആണ് പോലീസിന്റെ പിടിയിലായത്. പന്ത്രണ്ട് കുപ്പി നെപ്പോളിയന് ബ്രാന്‍ഡ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും ചില്ലറ വില്‍പ്പന നടത്തിയിരുന്ന മാക്ഡവല്‍സ് ബ്രാന്‍ഡ് മദ്യവുമാണ് പിടികൂടിയത്. പ്രതിയെ എലത്തൂര്‍ സബ്ബ് ഇന്‍സ്പെക്ടര്‍ രാജേഷ് അറസ്റ്റ് ചെയ്തു. എലത്തൂര്‍ റെയില്‍വേ അണ്ടര്‍പാസ്സിന് സമീപത്ത് വെച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.
പല തവണകളായി ബീവറേജസ് ഔട്ട്ലെറ്റുകളില് നിന്നും വാങ്ങി ശേഖരിച്ച് ഡ്രൈഡേ പദ്ധതിക്ക് തുരങ്കം വെക്കുകയായിരുന്നു ഇതുവരെ. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എ.ശ്രീനിവാസ് ഐപിഎസ് ന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് സിറ്റി ക്രൈം സ്ക്വാഡ് ഇയാളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ആവശ്യക്കാര്‍ ഫോണ്‍ ചെയ്ത് ആവശ്യപ്പെടുന്നതിനനുസരിച്ച് അവര്‍ പറയുന്ന സ്ഥലത്ത് മദ്യം എത്തിച്ചു കൊടുക്കാറാണ് പതിവ്.
മൊത്തമായും ചില്ലറയായും വില്പന നടത്താറുള്ള പ്രതിയുടെ സ്കൂട്ടറിലാണ് മദ്യം സ്റ്റോക്ക് ചെയ്യാറുള്ളത്. ചില്ലറ വില്‍പ്പനയ്ക്കായുള്ളത് അരയിലാണ് വെയ്ക്കാറുള്ളത്. എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരങ്ങളിലും കോരപ്പുഴ ഭാഗങ്ങളിലും വില്പന നടത്തുന്നതിനായി കൊണ്ടുവന്ന മദ്യമാണ് പോലീസ് പിടികൂടിയത്. ബീവറേജസ് ഔട്ട്ലെറ്റില് നിന്നും വാങ്ങുന്ന മദ്യം അഞ്ഞൂറ് മുതല്‍ അറുന്നൂറ് രുപവരെ ഈടാക്കിയാണ് വില്പന നടത്തുന്നത്. അവധി ദിവസങ്ങളില്‍ അതിഥി തൊഴിലാളികള്‍ക്കാണ് അറുന്നൂറ് രൂപ ഈടാക്കി വില്പന നടത്തിയിരുന്നത്. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം പോലീസ് കേസെടുത്തു.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാര്‍, ഷാഫി പറമ്പത്ത്, എലത്തൂര്‍ പോലീസ് അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ ജയേഷ് വാര്യര്‍, സീനിയര്‍ സിപിഓ രാഹുല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.