കോട്ടയം :കീഴ്ത്താടിയെല്ലിന്റെ അതിസങ്കീര്‍ണമായ ശസ്ത്രക്രിയ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിജയകരമായി പൂര്‍ത്തിയാക്കി.കോട്ടയം മെഡിക്കല്‍-ഡെന്റല്‍ കോളജിലെ ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറി വിഭാഗമാണ് കീഴ്ത്താടിയെല്ലിന്റെ സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.കോട്ടയം സ്വദേശിയായ 56കാരനാണ് അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്.
കീഴ്ത്താടിയെല്ലിലെ ട്യൂമര്‍ കാരണം കീഴ്ത്താടിയെല്ലും അതിനനുബന്ധമായുള്ള സന്ധിയും ശസ്ത്രക്രിയ വഴി നീക്കം ചെയ്ത് പുതിയ കൃത്രിമ സന്ധി വെച്ചുപിടിപ്പിച്ചു.താടിയെല്ല് എടുത്തു കളഞ്ഞാല്‍ ഭക്ഷണം കഴിക്കാനും മറ്റുമുള്ള ബുദ്ധിമുട്ടാണ് ഇത്തരം ഒരു ശസ്ത്രക്രിയയിലേയ്ക്ക് നയിച്ചത്.രോഗിയുടെ താടിയെല്ലിന്റെ സി.ടി സ്കാന്‍ ചെന്നൈ ലാബില്‍ അയച്ച് മാതൃകയുണ്ടാക്കിയശേഷം ആര്‍ട്ടിഫിഷ്യല്‍ സന്ധിയുണ്ടാക്കിയാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖംപ്രാപിച്ചു വരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച മുഴുവന്‍ സംഘാംഗങ്ങളേയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.