ഗ്രീന്‍ ഡെസ്റ്റിനേഷന്‍ അവാര്‍ഡ് ഏറ്റുവാങ്ങി
കോഴിക്കോട്: വീണ്ടും രാജ്യാന്തര അംഗീകാരത്തിനര്‍ഹമായി കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ച്. ഗ്രീസിലെ ഏഥന്‍സിലെ ‘ഫ്യൂച്ചര്‍ ഓഫ് ടൂറിസം സമ്മിറ്റില്‍’ ഈ വര്‍ഷം ലോകത്തെ മികച്ച സുസ്ഥിര മാതൃകകള്‍ കാഴ്ചവെച്ച നൂറു വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിലാണ് കാപ്പാട് ഇടം പിടിച്ചത്.
കാപ്പാട് ബീച്ചിനുള്ള ഗ്രീന്‍ ഡെസ്റ്റിനേഷന്‍ അവാര്‍ഡ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ ഗ്രീന്‍ ഡെസ്റ്റിനേഷന്റെ റീജ്യണല്‍ കോര്‍ഡിനേറ്റര്‍ മഹാദേവനില്‍ നിന്ന് കോഴിക്കോട് ജില്ലാ ഡി.ടി.പി.സി ഏറ്റുവാങ്ങി.
ബീച്ച് ടൂറിസത്തിന് ഏറെ സാധ്യതയുള്ള ജില്ലയാണ് കോഴിക്കോടെന്ന് അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ബീച്ച് ടൂറിസത്തിന്റെ ഭാഗമായി വാട്ടര്‍ സ്പോര്‍ട്സ് ഇനങ്ങളുടെ സാധ്യതകളെ കൂടി ഉപയോഗപ്പെടുത്തി മുന്നോട്ട് പോകാന്‍ സാധിക്കണം. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ഡി.ടി.പി.സി തയ്യാറാക്കുന്നുണ്ട്. അതിന് പൂര്‍ണ്ണ പിന്തുണ സര്‍ക്കാരിന്റെ ഭാ?ഗത്തുനിന്ന് ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
നെതര്‍ലന്‍ഡ്സ് ആസ്ഥാനമായ ആഗോള ടൂറിസം കേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍ കൗണ്‍സിലായ ഗ്രീന്‍ ഡെസ്റ്റിനേഷന്‍സാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷമായി സംസ്ഥാനത്തെ ഏക ബ്ലൂഫ്ലാഗ് ബീച്ചായ കാപ്പാടിന് പരിസ്ഥിതി സൗഹൃദപരമായ വികസനത്തിനാണ് അംഗീകാരം ലഭിച്ചത്. സൗരോര്‍ജ്ജത്തിന്റെ വിനിയോഗം, മാലിന്യസംസ്‌കരണം, തദ്ദേശീയ ജൈവ വൈവിധ്യത്തിന്റെ സംരക്ഷണം എന്നിവയിലൂന്നിയ പ്രവര്‍ത്തനമാണ് കാപ്പാടിനെ അംഗീകാരത്തിന് അര്‍ഹമാക്കിയത്.
കാപ്പാടിന് പുറമെ രാജ്യത്ത് നിന്ന് പട്ടികയില്‍ ഇടം നേടിയത് പൈതൃകസംരക്ഷണ വിഭാഗത്തില്‍ തമിഴ്നാട്ടിലെ പ്രാചീന ക്ഷേത്രസമുച്ചയമായ ശ്രീരംഗമാണ്. അംഗീകാരം ലഭിച്ച വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടുത്ത വര്‍ഷം ജര്‍മനിയിലെ ബെര്‍ലിനില്‍ ഐ.ടി.ബി ട്രാവല്‍ മാര്‍ട്ട് അവാര്‍ഡുകള്‍ക്കുള്ള നാമനിര്‍ദേശത്തിനും അര്‍ഹത നേടി.