ന്യൂഡല്‍ഹി: പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി റിസര്‍വ് ബാങ്ക് ധനനയം. 5.9 ശതമാനമായി റിപ്പോ നിരക്ക് വര്‍ധിച്ചു. അതേസമയം, അടിസ്ഥാന പലിശാ നിരക്കിലെ വര്‍ധന വായ്പാപലിശയും വിലക്കയറ്റവും കടുപ്പിക്കും. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ തുടരുന്ന മാതൃകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും പിന്തുടരുന്നത്.
നാലാം ദ്വൈമാസ ധനനയത്തില്‍ 50 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തിയാണ് ഇന്ത്യന്‍ കേന്ദ്രബാങ്ക് റിപ്പോ നിരക്ക് 5.9 ശതമാനത്തിലെത്തിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ അവതരിപ്പിക്കപ്പെട്ട എല്ലാ ധനനയങ്ങളിലുമായി വര്‍ധിപ്പിച്ചത് 1.9 ശതമാനമാണ്. പണപ്പെരുപ്പം സംബന്ധിച്ച മുന്‍ പ്രവചനത്തില്‍ 5.7 ശതമാനത്തില്‍ നിന്ന് ആര്‍ബിഐ മാറ്റം വരുത്തിയിട്ടില്ല.
ഭവന, വാഹന വായ്പ്പകളുടെ വര്‍ധനവായാണ് ആദ്യം റിപ്പോ നിരക്ക് വര്‍ധന മാര്‍ക്കറ്റില്‍ പ്രതിഫലിക്കുക.ഇ.എം.ഐ നിരക്കുകളിലും വര്‍ധനവുണ്ടാകും. ബാങ്കുകള്‍ ഉടന്‍ തന്നെ വിവിധ വായ്പകളുടെ പലിശനിരക്ക് വര്‍ധന പ്രഖ്യാപിക്കും. വിലക്കയറ്റത്തിനും റിപ്പോ നിരക്ക് വര്‍ധന ഇടയാക്കും. ധനനയപ്രഖ്യാപനത്തെ തുടര്‍ന്ന് സെന്‍സെക്സ് 270 പോയിന്റോളം താഴ്ന്നു. ഡോളര്‍ രൂപ അന്തരവും എണ്പത്തിയൊന്നര രൂപയില്‍ താഴ്ന്ന് നീങ്ങുകയാണ്. ഡിസംബറില്‍ ചേരുന്ന അടുത്ത ധനനയാവലോകന യോഗത്തില്‍ കൂടുതല്‍ വര്‍ധനവിന് തന്നെയാണ് സാധ്യത.