പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി വീട് നിര്‍മിച്ചു നല്കുന്നതില് നിന്ന് എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസിനെ വിലക്കി സര്‍ക്കാര്‍. പ്രകൃതിക്ക് ഇണങ്ങാത്ത വീടുകള്‍ നിര്‍മിച്ചു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് എച്ച്ആര്‍ഡിഎസിന് ഒറ്റപ്പാലം സബ് കളക്ടര്‍ നിര്‍മാണ വിലക്ക് ഏര്‍പ്പെടുത്തിയത്. തൊട്ടുപിന്നാലെ അട്ടപ്പാടി നോഡല്‍ ഓഫീസര്‍ ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കി. പ്രീഫാബ് മെറ്റീരിയല്‍ ഉപയോഗിച്ചുള്ള വീട് നിര്‍മാണം ആവാസ വ്യവസ്ഥയ്ക്ക് ഇണങ്ങുന്നതല്ല എന്നാണ് ഉത്തരവിലെ വിശദീകരണം. വീട് നിര്‍മാണം നിര്‍ത്തിയതായി 2 ദിവസത്തിനകം രേഖമൂലം അറിയിക്കണം എന്നും നിര്‍ദേശമുണ്ട്. എച്ച്ആര്‍ഡിഎസ് നടത്തുന്ന വീട് നിര്‍മാണം പരിശോധിക്കാന്‍ പട്ടികജാതി, പട്ടികവര്‍ഗ കമ്മീഷനും നിര്‍ദേശിച്ചിരുന്നു.
ഇതിനിടെ എച്ച്ആര്‍ഡിഎസിന്റെ ഓഫീസുകളില്‍ വിജിലന്‍സ്, പരിശോധന നടത്തുകയാണ്. തൊടുപുഴയിലേയും പാലക്കാട്ടേയും ഓഫീസുകളിലാണ് പരിശോധന. പദ്ധതി ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. തിരുവവന്തപുരത്ത് നിന്നുള്ള വിജിലന്‍സ് സംഘമാണ് പരിശോധന നടത്തുന്നത്.