കോഴിക്കോട്: ജില്ലയില്‍ ഓണാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച മികച്ച ദീപാലങ്കാരങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നാളെ മൂന്ന് മണിക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പുരസ്കാരങ്ങള്‍ സമ്മാനിക്കും.
ഏറ്റവും മികച്ച ദീപാലങ്കാരത്തിനുള്ള അവാര്‍ഡിന് എല്‍ ഐ സി ഇന്ത്യയുടെ കോഴിക്കോട് ഡിവിഷന് ഓഫീസ് തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച രീതിയില്‍ പൊതുസ്ഥലം അലങ്കരിച്ചതിനുള്ള അവാര്‍ഡ് മാതൃഭൂമിക്ക് ലഭിച്ചു. മാനാഞ്ചിറ മൈതാനവും പാര്‍ക്കും പരിസരങ്ങളും മനോഹരമായി ദീപാലങ്കാരം ചെയ്തതിനാണ് മാതൃഭൂമിക്ക് അവാര്‍ഡ്. മികച്ച രീതിയില്‍ ദീപലങ്കാരം ചെയ്ത മാള്‍ അഥവാ ഷോപ്പിംഗ് കോംപ്ലക്സ് വിഭാഗത്തില്‍ ഗോകുലം ഗല്ലെറിയ മാള്‍ അവാര്‍ഡിനര്‍ഹമായി. ദീപാലങ്കാരം ചെയ്ത ഏറ്റവും മികച്ച ഗവണ്മെന്റ് ഓഫീസായി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസും , പൊതു ഓര്ഗനൈസേഷന് വിഭാഗത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസും തിരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും മികച്ച രീതിയില്‍ ദീപാലാങ്കാരം ചെയ്ത വ്യാപരി കൂട്ടായ്മക്ക് എസ്.എം സ്ട്രീറ്റ് ട്രേഡേഴ്സിനെയും, മികച്ച ഹോട്ടല്‍ വിഭാഗത്തില്‍ മാന്വല്‍ സണ്‍സ് മലബാര്‍ പാലസ് ഹോട്ടലിനെയും മികച്ച കച്ചവട സ്ഥാപന വിഭാഗത്തില്‍ ജയലക്ഷ്മി സില്‍ക്സും , മികച്ച പൊതു സ്ഥാപന വിഭാഗത്തില്‍ കോഴിക്കോട് കോര്‍പറേഷനും അവാര്‍ഡിന് അര്‍ഹരായി .
കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ്, ഹാര്‍ബര്‍ എഞ്ചിനീയറിങ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയദീപ്, ഇലുമിനേഷന്‍ കമ്മിറ്റി പ്രതിനിധി ക്യാപ്റ്റന്‍ കെ കെ ഹരിദാസ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.
വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡുകളും അന്നേദിവസം കൈമാറും. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സംഘാടക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.