ന്യൂഡല്‍ഹി:പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്. എട്ടു സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡില്‍ 247 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു. മധ്യപ്രദേശ്, കര്‍ണാടക, അസം, ഡല്‍ഹി, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് എന്‍ഐഎ, പൊലീസിന്റെ ഭീകരവിരുദ്ധസേന എന്നിവര്‍ സംയുക്തമായി റെയ്ഡ് നടത്തിയത്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പണം നല്‍കിയതും പരിശീലന ക്യാംപുകള്‍ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് എന്‍ഐഎ വ്യക്തമാക്കി. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ രോഹിണി, നിസാമുദ്ദീന്‍, ജാമിയ, ഷഹീന്‍ ബാഗ്, സെന്‍ട്രല്‍ ഡല്‍ഹി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ റെയ്ഡ് നടത്തി. ഡല്‍ഹിയില്‍ 30 പേരെ അറസ്റ്റ് ചെയ്തു. ജാമിയ അടക്കമുള്ള സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മഹാരാഷ്ട്രയിലെ താനെയില്‍നിന്ന് നാല് പിഎഫ്ഐ പ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഔറംഗബാദിലും സോലാപുരിലും റെയ്ഡ് നടന്നു. കര്‍ണാടകയില്‍ പൊലീസ് പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ 45 പിഎഫ്ഐ അംഗങ്ങളെ അറസ്റ്റ് ചെയ്തു. ബാഗല്‍കോട്ട്, ബിദര്‍, ചാമരാജനഗര്‍, ചിത്രദുര്‍ഗ, രാമനഗര, മംഗളൂരു, കൊപ്പല്‍, ബെല്ലാരി, കോലാര്‍, ബെംഗളൂരു, മൈസൂരു, വിജയപുര ജില്ലകളില്‍ ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം പിഎഫ്ഐ നേതാക്കളുടെ വീടുകള്‍ റെയ്ഡ് ചെയ്തു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും അവരുടെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയുടെയും 75ലധികം പ്രവര്‍ത്തകരെ കര്‍ണാടകയില്‍ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.ഗുജറാത്തില്‍ പിഎഫ്ഐയുമായി ബന്ധമുള്ള 10 പേരെ അറസ്റ്റ് ചെയ്തു. അസമില്‍ 25 പിഎഫ്ഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. കാംരൂപ് ജില്ലയിലെ നഗര്‍ബെര, ഗോള്‍പാറ, ബാര്‍പേട്ട, ധുബ്രി, ബക്സ, ദരാംഗ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഉദല്‍ഗുരിയിലും കരിംഗഞ്ചിലും റെയ്ഡ് നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ, അസമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിഎഫ്ഐയുടെ 11 നേതാക്കളെയും പ്രവര്‍ത്തകരെയും ഡല്‍ഹിയില്‍ നിന്ന് ഒരാളെയും അസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുപി പൊലീസ് സ്പെഷ്യല്‍ ടാസ്‌ക് ഫോം (എസ്ടിഎഫ്) തിങ്കളാഴ്ച ഒരു പിഎഫ്ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശില്‍ 21 പിഎഫ്ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.